തിരുവനന്തപുരം: കുവൈത്ത് ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കുവൈത്തിലേക്ക് പോകാനൊരുങ്ങിയ ആരോഗ്യമന്ത്രി വീണ ജോർജിന് കേന്ദ്രസർക്കാർ യാത്ര അനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ഘട്ടങ്ങളിൽ അവിടെ എത്തുകയെന്നത് കേരളത്തിന്റെയും മലയാളികളുടെയും പൊതുരീതിയും സംസ്കാരവുമാണ്. അത് നമ്മുടെ ആഗ്രഹിക്കുന്ന കാര്യവുമാണ്. ഞങ്ങൾ എല്ലാം ചെയ്തിട്ടുണ്ട്. പിന്നെ നിങ്ങൾ എന്തിനാണ് പോകുന്നത് എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്.
സംസ്ഥാന ആരോഗ്യമന്ത്രി തന്നെ അവിടെ ചെല്ലുമ്പോള്‍ അവിടെ പരിക്കേറ്റ് കഴിയുന്ന ആളുകളുടെ കാര്യവും ഇതുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തിന് പറയാനുള്ള കാര്യവും സാധാരണ ഗതിയില്‍ അറിയാനും കൈകാര്യം ചെയ്യാനും സാധിക്കും. പക്ഷേ എന്തുചെയ്യാൻ കഴിയും. അതെല്ലാം നിഷേധിച്ചു കളഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാര്‍ സഞ്ചരിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ ക്ലിയറന്‍സ് വേണം. ആ ക്ലിയറന്‍സ് കിട്ടുമെന്ന പ്രതീക്ഷയില്‍ സാധാരണഗതിയില്‍ പോകാം. പക്ഷേ പോകുന്നതിന് മുമ്പ് ക്ലിയറന്‍സ് ഉണ്ടാകില്ലെന്ന അറിയിപ്പ് തന്നെ കിട്ടി. ഇതിന്റെ ഔചിത്യവും അനൗചിത്യവും ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതല്ല എന്നുള്ളതിനാല്‍ മറ്റുകാര്യങ്ങളിലേക്ക് പോകുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.