വളര്‍ത്തുമൃഗങ്ങളായ നായ, പൂച്ച എന്നിവയെ ഇനി കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുവഴി കൊണ്ടുവരാം. ഇതിനായി ആനിമല്‍ ക്വാറന്റൈന്‍ ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സെന്റര്‍ വിമാനത്താവളത്തില്‍ ആരംഭിച്ചു. ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. വിദേശത്തുനിന്ന് മൃഗങ്ങളുമായി വരുന്നവര്‍ക്ക് സൗകര്യപ്രദമാണ് പുതിയ സംവിധാനം.
ഇതുസംബന്ധിച്ച് നേരത്തെ അനിമല്‍ ഹസ്ബന്‍ഡറി ആന്‍ഡ് ഡയറി ഡിപ്പാര്‍ട്ട്‌മെന്റ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ തീരുമാനത്തോടുകൂടി യാത്രക്കാരുടെ ദീര്‍ഘകാല ആവശ്യം പൂര്‍ത്തീകരിച്ചതായി കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു.
ഇതുവരെ വിദേശത്തുനിന്നുള്ള വളര്‍ത്തുമൃഗങ്ങളെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് എയര്‍പോര്‍ട്ടുകളില്‍ സ്ഥിതി ചെയ്യുന്ന ആനിമല്‍ ക്വാറന്റൈന്‍, സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് സ്‌റ്റേഷനില്‍കൂടെ മാത്രമേ കൊണ്ടുവരാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.
കന്നുകാലികളിലൂടെയും അവയുടെ ഉത്പന്നങ്ങളിലൂടെയും രാജ്യത്ത് രോഗവ്യാപനം തടയുന്നതിനുവേണ്ടി 1898ലൈവ് സ്‌റ്റോക്ക് ഇറക്കുമതി നിയമം, 2001ലെ ഭേദഗതി നിയമം എന്നിവ പ്രകാരം കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരോത്പാദന മന്ത്രാലയമാണ് അവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നത്.