എം എം ലോറൻസിന്റെ മൃതദേഹം സംസ്കരിക്കാൻ അനുമതി തേടിയുള്ള ഹർജിയിൽ വിധി ഇന്ന്

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

author-image
anumol ps
New Update
dispute over burial of mm lawrence

കൊച്ചി: സിപിഐഎം മുതിർന്ന നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കാൻ അനുമതി തേടി നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. എം എം ലോറൻസിന്റെ മൂന്ന് മക്കളിൽ ഒരാളായ ആശ ലോറൻസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വിജി അരുൺ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വിധി പറയുക.

മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കാനും പഠനാവശ്യത്തിനുമായി ഏറ്റെടുക്കാനുമുള്ള കളമശ്ശേരി മെഡിക്കൽ കോളേജിന്റെ തീരുമാനം റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ വിട്ടുനൽകിയില്ലെങ്കിൽ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിക്ക് പഠനാവശ്യത്തിനായി ഉപയോഗിക്കാനാകും. ആശ ലോറൻസിനെ അനുകൂലിച്ചാണ് മറ്റൊരു മകളായ സുജാത ബോബനും ഹൈക്കോടതിയിൽ നിലപാട് സ്വീകരിച്ചത്. എന്നാൽ മൃതദേഹം പഠനാവശ്യത്തിനായി വിട്ടുനൽകണമെന്ന് എംഎം ലോറൻസ് അറിയിച്ചിരുന്നുവെന്നും ഇത് കേട്ടതിന് മതിയായ സാക്ഷികളുണ്ടെന്നുമാണ് എംഎൽ സജീവൻ ഹൈക്കോടതിയെ അറിയിച്ചത്.

ഹർജിയിൽ അന്തിമ തീരുമാനമെടുക്കുന്നതുവരെ എം എം ലോറൻസിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കണമെന്നാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. എം എം ലോറൻസിന്റെ മരണത്തിന് പിന്നാലെയാണ് ആവശ്യവുമായി മകൾ ആശ രംഗത്തെത്തിയത്. 

MM Lawrence