തിരുവനന്തപുരം: പുനര്‍നിര്‍മ്മാണം തുടങ്ങി മൂന്ന് മാസമായിട്ടും പണി എങ്ങുമെത്താതെ ശോച്യാവസ്ഥയില്‍ കലാകൗമുദി റോഡ്. റോഡ് പണിക്കൊപ്പം ഓടനിര്‍മ്മാണത്തിനും എല്‍പിജി ഗ്യാസ്‌പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും വേണ്ടി എടുത്ത കുഴികളാണ് ഇതിലൂടെയുള്ള യാത്ര അസാധ്യമാക്കുന്നത്. റോഡ് ചെളിക്കളമായി കിടക്കുകയാണ്. വാഹനങ്ങള്‍ ചെളിയില്‍ പുതയുന്നതും ഇരുചക്രവാഹനയാത്രക്കാര്‍ വീഴുന്നതും പതിവാണ്.
റോഡ് പുനര്‍നിര്‍മ്മാണത്തിനായി കുഴികള്‍ എടുത്തതിനെ തുടര്‍ന്ന് പലയിടത്തും പൊട്ടിയ ജലവിതരണപൈപ്പുകളുടെ പുനര്‍നിര്‍മ്മാണം വൈകുന്നതാണ് പ്രധാന പ്രശ്‌നം. പൊട്ടിയ പൈപ്പുകളില്‍ നിന്ന് വെള്ളം കുഴികളില്‍ നിറയുക കൂടി ചെയ്തതോടെ റോഡിലുടനീളം ചെളികുഴികള്‍ രൂപപ്പെട്ടു. ചതുപ്പു പോലെ രൂപപ്പെട്ട കുഴികളില്‍ പുതയുന്ന വാഹനങ്ങളെ വലിച്ചുകയറ്റാന്‍ യന്ത്രസഹായം വേണ്ടിവരുന്ന സ്ഥിതിയാണ്. എത്രയും പെട്ടെന്ന് ഈ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് റസിഡന്‍സ് അസോസിയേഷനുകളുടെ ആവശ്യം. പണി നീളുന്നതില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്