കൊച്ചി: ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ തീരുമാനിച്ചതിന്റെ പൂർണമായ ഉത്തരവാദിത്തം തനിക്കും കെപിസിസി പ്രസിഡന്റിനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട് സ്ഥാനാർതിത്വത്തെ സംബന്ധിച്ച വിവാദങ്ങൾക്കിടെയാണു സതീശന്റെ പ്രതികരണം. പാളിച്ചകൾ സംഭവിച്ചാൽ പൂർണമായ ഉത്തരവാദിത്തം എറ്റെടുക്കുമെന്നും നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണ് പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് രാഹുൽ മാങ്കൂട്ടത്തിൽ. രമ്യ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും. ചെറുപ്പക്കാർക്ക് സീറ്റ് നൽകണമെന്നാണ് പാർട്ടി നയം. എന്നാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ നടപ്പാക്കാൻ സാധിച്ചില്ല. സിറ്റിങ് സീറ്റ് അതത് എംപിമാർക്ക് നൽകിയതിനാലാണ് നയം നടപ്പാക്കാൻ സാധിക്കാതിരുന്നത്. എന്നാൽ ഇത്തവണ വനിതകൾക്കും ചെറുപ്പക്കാർക്കുമാണ് സീറ്റ് നൽകിരിക്കുന്നത്.’’ വി.ഡി സതീശൻ പറഞ്ഞു.
‘‘യൂത്ത് കോൺഗ്രസിന്റെ സമരനായകനാണ് രാഹുൽ. സ്ഥാനാർഥിത്വത്തെക്കുറിച്ച് ആരും ആരോപണം ഉന്നയിച്ചിട്ടില്ല. രാജ്മോഹൻ ഉണ്ണിത്താൻ കൊല്ലത്ത് നിന്ന് കാസർഗോഡ് എത്തി മത്സരിച്ചില്ലേ, എം.കെ രാഘവൻ കണ്ണൂരിൽ നിന്ന് കോഴിക്കോട്ടെത്തി. രമ്യ കോഴിക്കോട്ട് നിന്ന് ആലത്തൂരെത്തി. സ്വരാജ് മലപ്പുറത്ത് നിന്ന് തൃപ്പൂണിത്തുറയിലെത്തി വിജയിച്ചു. കണ്ണൂരുകാരനായ കെ.സി. വേണുഗോപാൽ ആലപ്പുഴക്കാരുടെ സ്വന്തമായി മാറി. ജനപിന്തുണയിൽ മുന്നിലാണ് ഷാഫി പറമ്പിൽ. ഷാഫി പറമ്പിലിന്റെ പിന്തുണയുള്ള നേതാവാണ് രാഹുൽ മാങ്കൂട്ടത്തിൽ. അതെങ്ങനെ പാലക്കാട് നെഗറ്റീവാകുമെന്നും സതീശൻ ചോദിച്ചു.
‘‘പാർട്ടിക്ക് ഒരു ചട്ടക്കൂട് ഉണ്ട്. തിരഞ്ഞെടുപ്പിന് മുന്നേ തന്നെ, പാർട്ടിയും മുന്നണിയും സർവ സജ്ജമായി മാറി. വയനാട്ടിൽ രാഹുലിനേക്കാൾ വലിയ ഭൂരിപക്ഷം പ്രിയങ്കയ്ക്ക് ലഭിക്കും. എന്നെയും കെപിസിസി പ്രസിഡന്റിനെയുമാണ് സ്ഥാനാർഥികൾ ആയി നിശ്ചയിച്ചിരുന്നത്. ഞങ്ങൾ നൽകിയ ലിസ്റ്റാണ് എഐസിസി അംഗീകരിച്ചത്. അതാണ് നടപടിക്രമം. ഇത്തരം കാര്യങ്ങളിൽ വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് അപേക്ഷിച്ചിരുന്നു, പത്രസമ്മേളനത്തിന് മുൻപ് തന്നെ സരിനോട് സംസാരിച്ചു. നിർദേശിച്ച കാര്യങ്ങളിൽ പരിഹാരത്തിന് മുൻകയ്യെടുക്കാമെന്ന് ഉറപ്പ് നൽകിയതുമാണ്.