പാരിസ്: പാരിസ് ഒളിമ്പിക്സിൽ മൂന്നാം മെഡൽ ലക്ഷ്യമിട്ട് മനു ഭാകർ ഇന്ന് കളത്തിൽ ഇറങ്ങും. 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ് റേഞ്ചിലാണ് താരം ഇന്ന് മത്സരിക്കുക. രണ്ട് പേരടങ്ങുന്ന ടീം മത്സരത്തിൽ ഇഷാ സിങ്ങാണ് മനുവുമായി സഖ്യം ചേരുന്നത്.മനുവിലൂടെ ഷൂട്ടിങ് റേഞ്ചിൽ മൂന്നാമത്തെ മെഡലാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.
നേരത്തെ 10 മീറ്റർ എയർ പിസ്റ്റൾ മിക്സ്ഡ് ഇവൻറിൽ സരബ്ജോത് സിങ്- മനു ഭാകർ എന്നിവർ വെങ്കലം നേടിയിരുന്നു. ഇതിനൊപ്പം സ്ത്രീകളുടെ 10 മീറ്റർ എയർ പിസ്റ്റളിലും മനു ഭാകർ വെങ്കലം സ്വന്തമാക്കി. ഹാട്രിക് മെഡൽ ലക്ഷ്യമിടുന്നമനു ഭാകറിൻറെയും ഇന്ത്യയുടെയും ഷൂട്ടിങ് മത്സരം ഉച്ചക്ക് 12.30 മണിക്കാണ്.
അതെസമയം ഒളിംപിക്‌സിൽ ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയായി മാറിയിരിക്കുകയാണ് ലക്ഷ്യ സെൻ. 22കാരനായ ലക്ഷ്യ പുരുഷ സിംഗിൾസ് ബാഡ്മിന്റണിൽ ക്വാർട്ടറിൽ പ്രവേശിച്ചിരിക്കുകയാണ്. എച്ച്എസ് പ്രണോയിയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ലക്ഷ്യ സെൻ പരാജയപ്പെടുത്തിയത്. ലക്ഷ്യയുടെ ആദ്യ ഒളിംപിക്‌സിൽ തന്നെയാണ് ക്വാർട്ടർ പ്രവേശനം സ്വന്തമാക്കിയിരിക്കുന്നത്. വെറും 39 മിനുട്ടുകൾ കൊണ്ടാണ് മത്സര ഫലം തീരുമാനമായത്.
തുടക്കം മുതൽ തന്നെ അതിവേഗ മത്സരത്തിലൂടെ പ്രണോയിയെ തളർത്തുന്ന ലക്ഷ്യയെയാണ് കാണാൻ കഴിഞ്ഞത്. നേരത്തെ ഗ്രൂപ്പ് മത്സരത്തിൽ ബെൽജിയത്തിന്റെ ജൂലിയൻ കരാഗിയെയായിരുന്നു ലക്ഷ്യ പരാജയപ്പെടുത്തിയത്. അതും നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം.
ഗ്രൂപ്പ് ഘട്ടത്തിൽ കരാഗിയോട് നാല് പോയിന്റിന് പിന്നിലായിരുന്നു ആദ്യ മത്സരത്തിൽ ലക്ഷ്യ. എന്നാൽ അത്ഭുതകരമായ രീതിയിലാണ് മത്സരം ലക്ഷ്യം മാറ്റിയത്. ആ സെറ്റിൽ 21-19 എന്ന സ്‌കോറിനായിരുന്നു ലക്ഷ്യയുടെ വിജയം. രണ്ടാം സെറ്റിൽ കരാഗിക്ക് ഒന്ന് പൊരുതാൻ പോലുമുള്ള അവസരം ലക്ഷ്യ നൽകിയിരുന്നില്ല. ചൈനീസ് തായ്‌പേയുടെ ചോ ടിയൻ ചെൻ ആണ് ഇനി ലക്ഷ്യക്ക് എതിരാളി.
2022ൽ ലോക രണ്ടാം നമ്പർ താരമായിരുന്നു ചോ. നിലവിൽ ഇന്ത്യൻ ബാഡ്മിന്റണിലെ സൂപ്പർ താരമായി മാറി കൊണ്ടിരിക്കുകയാണ് ലക്ഷ്യ സെൻ. ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശിയാണ് താരം. 2001 ഓഗസ്റ്റ് 16നായിരുന്നു താരത്തിന്റെ ജനനം. 2022ലെ കോമൺവെൽത്ത് ഗെയിംസിൽ താരം സ്വർണം നേടിയിരുന്നു.
2022ൽ തന്നെ നടന്ന ഏഷ്യൻ ഗെയിംസിലും ലക്ഷ്യ സെൻ മെഡൽ നേടിയിരുന്നു. വെള്ളിയാണ് നേടിയത്. അന്താരാഷ്ട്ര വേദികളിൽ തിളങ്ങാനുള്ള പ്രത്യേക മിടുക്ക് തന്നെ ലക്ഷ്യക്കുണ്ട്. അതാണ് ഒളിംപിക്‌സിലെ ഇപ്പോഴത്തെ കുതിപ്പിന് കാരണവും. 2021ലെ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയും ലക്ഷ്യ തന്റെ മികവ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ മുൻനിര ബാഡ്മിന്റൺ താരങ്ങളിൽ ഒരാളാണ് ലക്ഷ്യയെന്ന് കഴിഞ്ഞ നാല് വർഷമായി താരം തെളിയിച്ച് കൊണ്ടിരിക്കുകയാണ്. വമ്പൻ ടൂർണമെന്റുകളിൽ എല്ലാം ലക്ഷ്യ സെൻ മെഡലുകൾ നേടുന്നുണ്ട്. 2022ലെ ഇന്ത്യയുടെ ചരിത്രപരമായ തോമസ് കപ്പ് വിജയത്തിൽ ലക്ഷ്യ സെന്നിന്റെ പങ്ക് എടുത്ത് പറയേണ്ടതാണ്.
ടീമിന്റെ വിജയത്തിൽ ഇത് ഏറെ നിർണായമായിരുന്നു. ലോക റാങ്കിംഗിൽ ആറാം സ്ഥാനത്ത് എത്താനും ഈ സമയം ലക്ഷ്യക്ക് സാധിച്ചിരുന്നു. സ്ഥിരതയാർന്ന പ്രകടനമായിരുന്നു ഇതിൽ എടുത്ത് പറയേണ്ടത്. 2022ലെ ഇന്ത്യൻ ഓപ്പണിലും 2023ലെ കാനഡ ഓപണിലുമെല്ലാം ലക്ഷ്യ തകർപ്പൻ ജ യങ്ങളാണ് നേടിയത്.