പൂരം കലക്കലില്‍ സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. പൂരം കലക്കാന്‍ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിങ് നടക്കുന്നുണ്ടെന്നും കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷ് പറഞ്ഞു.
വെറുതെ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ കുറ്റക്കാരാരാണെന്ന് അറിഞ്ഞാല്‍ പോലും കോസെടുക്കുകയോ ഇത്തരം പ്രവണത ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുകയോ ചെയ്യാറില്ല. ഒരു അന്വേഷണം വരും, 1000 പേജുണ്ടാകും. റിപ്പോര്‍ട്ട് ഏതെങ്കിലും ഡെസ്‌കിലേക്ക് പോകുമെന്നെല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടാകാറില്ല. മറിച്ച് സിബിഐ അന്വേഷണമാണെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കേസെടുത്ത് ശിക്ഷാ നടപടികള്‍ സ്വീകരിക്കും.
ആന എഴുന്നൊള്ളിപ്പിനെതിരെ ഉള്‍പ്പെടെ പല കേസുകളും സുപ്രീംകോടതിയിലുണ്ട്. ഇതില്‍ കേസ് നല്‍കിയിട്ടുള്ളവരില്‍ 90 ശതമാനവും കപട മൃഗ സ്‌നേഹികളാണ്. അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമായിട്ട് കേരളത്തില്‍ ഏറ്റവും പ്രൗഡ ?ഗംഭീരമായി നടക്കുന്ന തൃശ്ശൂര്‍ പൂരത്തെയും മറ്റു ഉത്സവങ്ങളെയും തകര്‍ക്കാനുള്ള പ്രക്രിയയാണ് നടക്കുന്നത്. ക്ഷേത്രങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ കോടതികളില്‍ നടത്തുന്നതിന് ലക്ഷങ്ങള്‍ ചിലവാകാറുണ്ട്. ഓടിച്ച് തളര്‍ത്താനുള്ള ശ്രമമാണ് നടത്തുന്നത്.
ഫോറസ്റ്റ് ജിപി നാഗരാജ് നാരയണന്‍ പൂരംകലക്കല്‍ സംബന്ധിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു. നിയമങ്ങള്‍ നിര്‍മിക്കുമ്പോള്‍ സുപ്രീംകോടതി നിര്‍ദേശം പോലും ഉദ്യോ?ഗസ്ഥന്‍ ?ഗൗനിച്ചില്ലെന്നും പിന്നില്‍ നിന്ന് വേറെ പലരും നിയന്ത്രിക്കുന്നുണ്ടെന്നും ദേവസ്വം സെക്രട്ടറി ആരോപിച്ചു. ഫോറസ്റ്റ് ജിപിയെ സ്ഥാനത്ത് നിന്ന് നീക്കണമെന്നും വനംവകുപ്പ് മന്ത്രിയോടും മുഖ്യമന്ത്രിയോടും ദേവസ്വം ആവശ്യപ്പെട്ടു. ജിപിയെ നിയന്ത്രിക്കുന്നവരാരെന്ന് പുറത്തുകൊണ്ടുവരണമെന്നും അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പൂരം എഴുന്നൊള്ളിപ്പോ പൂരചടങ്ങോ പാറമേക്കാവ് ദേവസ്വം വൈകിപ്പിക്കുകയോ നിര്‍ത്തിവെപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.