കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിനെ സഹായിച്ച പൊലീസുകാരന് സസ്‌പെൻഷൻ. സീനിയർ സിവിൽ പൊലീസ് ഓഫീസർ ശരത് ലാലിനെതിരെയാണ് നടപടി.സംഭവത്തിൽ യുവതി ആദ്യം പരാതി നൽകിയതു മുതൽ പന്തീരാങ്കാവ് പൊലീസ് പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് ആരോപണം.
ഇതിനിടെയാണ് ഇപ്പോൾ സീനിയർ സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടിയുണ്ടായത്.അതെസമയം രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചതും ശരത് ലാലാണെന്ന് കണ്ടെത്തിയിരുന്നു.ശരത്തിനെതിരെ കേസിൽ നേരത്തെ അറസ്റ്റിലായ രാജേഷിന്റെ മൊഴിയുണ്ടായിരുന്നു.രാഹുലും താനും ചേർന്ന് സിപിഒ ശരത് ലാലിനെ കണ്ടുവെന്നായിരുന്നു രാജേഷിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ.
അതെസമയം വിദേശത്തേക്ക് കടന്ന രാഹുലിനെ സംസ്ഥാനത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.ബ്ലൂ കോർണർ നോട്ടീസിൽ മറുപടി ലഭിച്ചാലേ പൊലീസ് തുടർനടപടി സ്വീകരിക്കാനാകൂ.രാഹുലിന്റെ അമ്മയും സഹോദരിയും മുൻകൂർ ജാമ്യാപേക്ഷ കൂടി നൽകിയതോടെ ഇരുവരെയും ചോദ്യം ചെയ്യുന്നത് നീളാനാണ് സാധ്യത.
തുടർ നടപടിയെന്നോണം റെഡ് കോർണർ നോട്ടീസിന് ശ്രമിച്ചാൽ പോലും അന്താഷ്ട്ര വിഷയത്തിൽ കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാനുള്ള സാധ്യതയും വിരളമെന്നാണ് നിയമവൃത്തങ്ങൾ നൽകുന്ന സൂചന. അങ്ങനെയെങ്കിൽ പ്രതിയെ പിടികൂടുകയെന്നത് പൊലീസിന് വെല്ലുവിളിയായി തുടരും.
കേസിൽ ഗാർഹിക പീഡനം, വധശ്രമം ഉൾപ്പെടെ വകുപ്പുകൾ പൊലീസ് ചേർത്തെങ്കിലും രാഹുലിന്റെ രണ്ടാം വിവാഹത്തിലെ നിയമസാധുതയിലും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. ആദ്യവിവാഹം നിയമപരമായി വേർപെടുത്താത്തതും പറവൂരിലെ പെൺകുട്ടിയുമായി വിവാഹം കഴിഞ്ഞത് രജിസ്റ്ററിൽ രേഖപ്പെടുത്താത്തതും കോടതിയിൽ ചോദ്യങ്ങൾക്ക് ഇടയാക്കും.
പ്രതിയുടെ ബന്ധുക്കൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചതോടെ ചോദ്യം ചെയ്യലും വൈകാനാണ് സാധ്യത. നേരത്തെ നൽകിയ നോട്ടീസുകൾ പ്രകാരം പൊലീസിന് മുന്നിൽ ഹാജരാകാതിരുന്ന പ്രതിയുടെ അമ്മയും സഹോദരിയും ആശുപത്രിയിൽ തുടരുകയാണ്. പ്രതിയെ വിദേശത്തേക്ക് കടക്കാൻ സഹായിച്ച സുഹൃത്ത് രാജേഷിനെ അറസ്റ്റ് ചെയ്ത് മുഖം രക്ഷിക്കാൻ പൊലീസ് നീക്കം നടത്തിയിരുന്നു.
എന്നാൽ, രാജേഷിന് ജാമ്യം നൽകിയ കോടതി പൊലീസ് തയ്യാറാക്കിയ റിമാൻഡ് റിപ്പോർട്ട് തള്ളുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിൽ ഇനി കരുതലോടെ നീങ്ങനാണ് അന്വേഷണസംഘത്തിന്റെ ശ്രമം. പ്രതിയെ തുടക്കത്തിലേ പിടികൂടാതെ വിദേശത്തേക്ക് കടക്കാൻ അവസരമൊരുക്കിയതിൽ പന്തീരാങ്കാവ് പൊലീസിനുണ്ടായ വീഴ്ചയിൽ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുന്നുണ്ട്.