കണ്ണൂർ : പാനൂർ ബോംബ് സ്ഫോടന കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികളുമുണ്ടെന്ന് സ്ഥിരീകരിച്ച് പാർട്ടി സംസ്ഥാന നേതൃത്വം.അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ് ഭാരവാഹികളാണെന്നും എന്നാൽ ഇവർ സംഭവം അറിഞ്ഞ് ഓടികൂടിയവരാകാമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു. സംഭവത്തിൽ ഇവർക്ക് എന്തെങ്കിലും പങ്കുണ്ടെങ്കിൽ നടപടി എടുക്കുമെന്നും സനോജ് പറഞ്ഞു.ഈ സ്ഫോടനം ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ എന്നാൽ ബോംബ് നിർമാണ സംഘടനയാണെന്ന് വരുത്തിത്തീർക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അവിടെ അങ്ങനെയൊരു സംഭവം നടന്നപ്പോൾ ധാരാളം ആളുകളെത്തി. ആ കൂട്ടത്തിൽ ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതൃ നിരയിലുളളവരുമെത്തി. അവർക്ക് ബോംബ് നിർമ്മാണത്തിൽ പങ്കുണ്ടെങ്കിൽ അംഗീകരിക്കില്ല. തെരഞ്ഞെടുപ്പിനെ മുൻ നിർത്തി വ്യാപകമായനിലയിൽ ഡിവൈഎഫ്ആ ബോംബുണ്ടാക്കുന്ന സംഘടനയാണെന്ന് പ്രചരിപ്പിക്കുകയാണെന്നും വി കെ സനോജ് കുറ്റപ്പെടുത്തി.
അതെസമയം പാനൂർ സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ മീത്തലെ കുന്നോത്തുപറമ്പ് യൂനിറ്റ് സെക്രട്ടറി അമൽ ബാബു (28) രക്ഷാപ്രവർത്തകനായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞത് വൻവിമർശനത്തിന് വഴിവച്ചിരിക്കുകയാണ്.
'സിപിഎം അക്രമം നടത്താൻ ബോംബ് ഉണ്ടാക്കുന്നുവെന്നത് കള്ള പ്രചാരണമാണ്. രണ്ടുപേരെ പിടിച്ചിട്ടുണ്ട്. അതിൽ ഒരാൾ ഡി.വൈ.എഫ്.ഐ പ്രവർത്തകനാണ്. ഞാൻ ഇന്ന് രാവിലെ തന്നെ അന്വേഷിച്ചു. എന്താ പ്രശ്നം? ഇവർ ചിതറിക്കിടക്കുന്ന സന്ദർഭത്തിൽ നാട്ടുകാർ ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽനിന്ന് ആശുപത്രിയിൽ എത്തിക്കാനും ചികിത്സ നൽകാനും നേതൃത്വം നൽകിയ ആളാണ്. ആ ഡി.വൈ.എഫ്.ഐ പ്രവർത്തകനെയാണ് പൊലീസ് പിടിച്ചത്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.