കാസര്‍ഗോഡ് രേഖകള്‍ക്കായി പഞ്ചായത്തില്‍ ചെന്ന അപേക്ഷകയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് മിഷന്‍ പദ്ധതിയില്‍ അനുവദിച്ച വീടില്ലെന്നറിഞ്ഞ് രേഖകകള്‍ തിരികെ വാങ്ങാന്‍ ചെന്ന അപേക്ഷകയെ ആണ് പഞ്ചായത്ത് അധികൃതര്‍ പൂട്ടിയിട്ടതായി ആരോപണം ഉയര്‍ന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
അടുക്കത്ത് ബയല്‍ കൊട്ടവളപ്പില്‍ സാവിത്രിയെ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ വിഇഒ എം അബ്ദുല്‍ നാസര്‍ വാതിലിന്റെ ഓടാമ്പലിട്ട് പൂട്ടി പുറത്ത് പോയെന്നാണ് പരാതി. ജൂണ്‍ 15നാണ് സംഭവം നടന്നത്. സാവിത്രി ലൈഫ് മിഷന്‍ പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിച്ച് അറിയിപ്പും ലഭിച്ചതാണ്.ഇതോടെ താമസിച്ചിരുന്ന ഷെഡ് പൊളിച്ചുമാറ്റി വീട് നിര്‍മാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയതാണെന്നും പഞ്ചായത് അധികൃതര്‍ പറഞ്ഞു. പലതവണ സാവിത്രി ഓഫീസ് കയറിയിറങ്ങിയിരുന്ന സാവിത്രി, താന്‍ നല്‍കിയ രേഖകള്‍ തിരിച്ച് തരണമെന്ന് ആവശ്യപ്പെട്ടാണ് വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ തയ്യാറാകാതിരുന്നതാണ് പിന്നീട് തര്‍ക്കത്തിനിടയാക്കിയത്. ഒടുവില്‍, കുത്തിയിരിപ്പ് തുടങ്ങി. ഇതോടെ വിഇഒ വാതില്‍ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ എം അബ്ദുല്‍ നാസറിനെതിരെ കേസെടുത്തു. അതിനിടെ, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയില്‍ സാവിത്രിക്കെതിരെയും കേസെടുത്തിട്ടുണ്ട്.