പാലക്കാട് ശോഭയോ, സുരേന്ദ്രനോ? ബിജെപിയില്‍ പൊരിഞ്ഞ അടി

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, ഒഴിവുവന്ന കേരളത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന.

author-image
Rajesh T L
Updated On
New Update
hgh

ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ, ഒഴിവുവന്ന കേരളത്തിലെ നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവും യോഗങ്ങളുമായി മുന്നണികള്‍ മുന്നോട്ടുപോകുമ്പോള്‍ പാലക്കാട് മണ്ഡലത്തില്‍ ബിജെപിയാണ് വാര്‍ത്തകളില്‍ നിറയുന്നത്.

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കായി നേതാക്കളും പ്രവര്‍ത്തകരും ചേരി തിരിഞ്ഞുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ട് ആഴ്ചകളായി. അതിനിടെയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപിയില്‍ കനത്ത പോര് മുറുകിയിരിക്കുകയാണ്. 

കഴിഞ്ഞ തവണ ഇ ശ്രീധരനെ രംഗത്തിറക്കി മികച്ച പ്രകടനം നടത്തിയ പാലക്കാട് നിലവില്‍ ബിജെപി വലിയ പ്രതീക്ഷയാണുള്ളത്. വിജയ സാധ്യത വര്‍ദ്ധിച്ചു എന്നത് തന്നെയാണ് ഈ സീറ്റിനായി നേതാക്കള്‍ രംഗത്തിറങ്ങുന്നതിന് കാരണം.

നേരത്തെ പാലക്കാട് മത്സരിക്കുകയും സിപിഎമ്മിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്ത ശോഭ സുരേന്ദ്രനാണ് സീറ്റ് ഉറപ്പിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഒരു ധാരണ ഉണ്ടായില്ലെങ്കിലും സ്വന്തം നിലയില്‍ അനുകൂലിക്കുന്നവരെ നേരത്തെ തന്നെ ശോഭ രംഗത്തിറക്കി. പാലക്കാട് മുഴുവന്‍ ശോഭയെ മത്സരിപ്പിക്കണം എന്നാവശ്യപ്പെട്ട് ബോര്‍ഡുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. കൂടാതെ സീറ്റിനായി വെല്ലുവിളി ഉയര്‍ത്തുന്ന സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിനെ വെട്ടാനുള്ള നീക്കങ്ങളും തുടങ്ങിയിട്ടുണ്ട്. കെ സുരേന്ദ്രനോട് എതിര്‍പ്പുള്ള ചില മുതിര്‍ന്ന നേതാക്കളും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൃഷ്ണകുമാറിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയ്ക്ക് കത്തയച്ചിരിക്കുകയാണ് ശോഭ അനുകൂലികള്‍. ശോഭ മത്സരിച്ചാല്‍ ഈഴവ വോട്ടുകള്‍ ലഭിക്കുമെന്നാണ് കത്തില്‍ അവകാശപ്പെട്ടിരിക്കുന്നത്. കൂടാതെ കൃഷ്ണകുമാര്‍ തുടര്‍ച്ചയായി നാലു തവണ തെരഞ്ഞടുപ്പുകളില്‍ മത്സരിച്ചു. വോട്ട് നേടുന്നതിനേക്കാള്‍ പണമുണ്ടാക്കാനാണ് കൃഷ്ണകുമാറിന് താല്പര്യമെന്നും കത്തില്‍ ആരോപിച്ചിട്ടുണ്ട്. അമിത് ഷായ്ക്കും കത്തയച്ചിട്ടുണ്ട്.

ശോഭയെ വെട്ടാന്‍ എതിര്‍പക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കുന്ന സാഹചര്യത്തില്‍ ശക്തയായ വനിതാ നേതാവ് അവിടെ മത്സരിക്കട്ടെയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുാനം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്നാകും ഉണ്ടാവുക.

palakkad Byelection Sobha Surendran wayanad byelection