പാലക്കാട്: കല്‍പാത്തി രഥോത്സവും വോട്ടെടുപ്പും ഒരുമിച്ച് നടക്കുമ്പോള്‍ ക്രമസമാധാനപ്രശ്‌നം ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ജില്ലാ കളക്ടര്‍ എസ് ചിത്ര. രഥോത്സവത്തെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കിയിരുന്നുവെന്നും തിരഞ്ഞെടുപ്പ് തിയ്യതി മാറ്റുന്നത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടേത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും കളക്ടര്‍ പ്രതികരിച്ചു.
രഥേത്സവം നടക്കുന്നതിനാല്‍ പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടിരുന്നു. നവംബര്‍ 13-ന് രഥോത്സവം തുടങ്ങുന്ന ആദ്യദിവസം ആയതിനാല്‍ അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാണെന്നാണ് ബി.ജെ.പി.യും കോണ്‍ഗ്രസും അറിയിച്ചത്. തിരഞ്ഞെടുപ്പ് 20-ലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ തിരഞ്ഞെടുപ്പുകമ്മിഷന് നല്‍കിയിരുന്നു.
രഥോത്സവത്തിന് മുന്‍പോ പിന്‍പോ ഉചിതമായ ദിനം കണ്ടെത്തണമെന്നും രഥോത്സവദിനത്തിലെ തിരഞ്ഞെടുപ്പ് പോളിങ്ങിനെ ബാധിക്കുമെന്നും ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനും വ്യക്തമാക്കിയിരുന്നു. തിയ്യതിമാറ്റം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പി.യും അറിയിച്ചിരുന്നു.
നവംബര്‍ 13-നാണ് പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേദിവസമാണ് കല്‍പാത്തി രഥോത്സവം തുടങ്ങുന്നതും. അന്ന് തിരഞ്ഞെടുപ്പ് നടത്തുന്നത് പാലക്കാടിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ 13-ന് ആവശ്യമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്നും കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്നും കളക്ടര്‍ പറഞ്ഞു .