പാലക്കാട് സ്ഥാനാര്‍ഥി: ഡി.സി.സി തീരുമാനിച്ചത് കെ. മുരളീധരനെ

ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു.

author-image
Prana
New Update
k muraleedharan

പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ഡി.സി.സി നിര്‍ദേശിച്ചത് കെ.മുരളീധരനെ. ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പന്‍ ദേശീയ നേതൃത്വത്തിന് കൊടുത്ത കത്ത് പുറത്തായി. ബി.ജെ.പി.യെ തുരത്താന്‍ മുരളീധരനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് കത്തില്‍ പറയുന്നു. ഡി.സി.സി ഭാരവാഹികള്‍ ഐകകണ്‌ഠ്യേനയെടുത്ത തീരുമാനമാണ് ഇതെന്നും കത്തില്‍ പറയുന്നു.
രണ്ട് പേജുള്ള കത്തിന്റെ ഒരു ഭാഗമാണ് പുറത്ത് വന്നത്. കെ. മുരളീധരന്റെ സ്ഥാനാര്‍ഥിത്വം ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ഗുണം ചെയ്യും എന്ന് കത്തില്‍ പറയുന്നുണ്ട്. പുറത്തുവന്ന ഭാഗത്ത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ഇല്ല എന്നതും ശ്രദ്ധേയമാണ്. മണ്ഡലത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണം പൊടിപൊടിക്കുന്നതിനിടയിലാണ് കത്ത് പുറത്തുവന്നത്.
അതേസമയം ഈ കത്തിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. അതൊക്കെ കഴിഞ്ഞുപോയ അധ്യായമാണ്. പലരും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കും. അതില്‍ നിന്നെല്ലാം കൂടിയാണ് സ്ഥാനാര്‍ഥിയെ തീരുമാനിക്കുക. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും അവസരം കൊടുക്കണമെന്ന ആവശ്യമുണ്ടായിരുന്നു. അതാണ് പരിഗണിച്ചതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

congress k muraleedharan DCC Palakkad by-election