പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് അവസാനം. കലാശക്കൊട്ടോടെയാണ് മൂന്നു മുന്നണികളുടെ പരസ്യപ്രചാരണം അവസാനിച്ചത്. സ്ഥാനാര്‍ഥികളും നേതാക്കളും അണിനിരന്ന വമ്പന്‍ റോഡ്‌ഷോയില്‍ പാലക്കാട് നഗരം ജനസാഗരമായി. ചൊവ്വാഴ്ച നിശബ്ദ പ്രചരണത്തിന് ശേഷം ബുധനാഴ്ച പാലക്കാട് വിധിയെഴുതാന്‍ പോളിങ് ബൂത്തുകളിലേക്ക്.
മൂന്നു മുന്നണികളും വിജയപ്രതീക്ഷ പുലര്‍ത്തുന്ന പാലക്കാട്ട് അതിശക്തമായ ത്രികോണ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം ഷാഫി പറമ്പിലും പി.സി. വിഷ്ണുനാഥും നടന്‍ രമേശ് പിഷാരടിയും റോഡ് ഷോയ്ക്കും കൊട്ടിക്കലാശത്തിനുമെത്തി. നീല ട്രോളിബാഗുമായാണ് രാഹുലും പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിനെത്തിയത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി. സരിനൊപ്പം മന്ത്രി എം.ബി. രാജേഷ്, എം.പിയും ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റുമായ എ.എ. റഹീം, വി. വസീഫ് എന്നിവര്‍ റോഡ് ഷോയില്‍ പങ്കെടുത്തു. ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വേണ്ടി കെ. സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, തുഷാര്‍ വെള്ളാപ്പള്ളി തുടങ്ങിയവരും എത്തിയിരുന്നു.
ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. ഈ മാസം 13ന് നിശ്ചയിച്ച വോട്ടെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തില്‍ 20ലേക്ക് മാറ്റുകയായിരുന്നു.