പത്മനാഭസ്വാമി ക്ഷേത്രത്തിലെ മോഷണം: ഉരുളി മോഷ്ടിച്ചതല്ല ക്ഷേത്ര ജീവനക്കാരന്‍ തന്നതെന്ന് പ്രതി

നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു.

author-image
Vishnupriya
New Update
ar

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ പ്രതിയായ ഗണേശ് ജായുടെ മൊഴി പുറത്ത്. ഉരുളി മോഷ്ടിച്ചതല്ലെന്നും ക്ഷേത്ര ജീവനക്കാരന്‍ തന്നതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. നിവേദ്യ ഉരുളി പുറത്തേക്ക് കൊണ്ടുപോയപ്പോള്‍ ആരും തടഞ്ഞില്ലെന്നും ഗണേജ് ജാ ഹരിയാന പൊലീസിനോട് പറഞ്ഞു.

അതേസമയം, ആരെങ്കിലും തടഞ്ഞിരുന്നുവെങ്കില്‍ ഉരുളി മടക്കി നല്‍കിയേനെയെന്നും പ്രതി പൊലീസിന് നല്‍കിയ മൊഴിയിലുണ്ട്. സംഭവത്തില്‍ ക്ഷേത്ര ജീവനക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. ക്ഷേത്രത്തില്‍ നിന്ന് നിവേദ്യ ഉരുളി മോഷണം പോയ സംഭവത്തില്‍ ഹരിയാന സ്വദേശികളായ മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായിരിക്കുന്നത്.

ഈ മാസം 13നാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. ക്ഷേത്രത്തിലെ അതീവ സുരക്ഷാ മേഖലയിലായിരുന്നു മോഷണം. 15നാണ് ക്ഷേത്രം ഭാരവാഹികള്‍ വിവരം പൊലീസില്‍ അറിയിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ പ്രതികളുടെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

പ്രതികള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടിലെ വിവരങ്ങളില്‍ നിന്നാണ് ഹരിയാന സ്വദേശികളാണ് ഇവരെന്ന വിവരം ലഭിച്ചത്. തുടര്‍ന്നാണ് ഹരിയാനയില്‍ നിന്ന് പ്രതികള്‍ പിടിയിലായത്. രണ്ട് സ്ത്രീകളും ഒരു പുരുഷനുമാണ് പൊലീസിന്റെ പിടിയിലായത്. പ്രതികളെ ഇന്ന് കേരളത്തില്‍ എത്തിക്കും.

sree padmanabha swami temple Theft