ഇടുക്കി: ഇടുക്കിയിൽ വീണ്ടും കൊമ്പന്മാർ തമ്മിൽ ഏറ്റുമുട്ടി. ഇരവികുളത്ത് കാട്ടുകൊമ്പൻ പടയപ്പയും ഒറ്റകൊമ്പനും ആണ് ഏറ്റുമുട്ടിയത്. ഏറ്റുമുട്ടലിൽ പടയപ്പയുടെ പിൻഭാഗത്ത് പരിക്കേറ്റു. വനംവകുപ്പ് സംഘം ആനകളെ നിരീക്ഷിച്ച് വരികയാണ്. ആനകളെ പടക്കം പൊട്ടിച്ചാണ് പിന്തിരിപ്പിച്ചത്. പടയപ്പയുടെ പരിക്ക് ഗുരുതരം അല്ലെന്ന് വനംവകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പന്റെ ആക്രമണത്തിൽ മുറിവേറ്റ മുറിവാലൻ കൊമ്പന്‍ ചരിഞ്ഞിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മുറിവാലൻ കൊമ്പൻ ചരിഞ്ഞത്. ചക്കകൊമ്പനുമായി ഏറ്റുമുട്ടിയ മുറിവാലൻ കൊമ്പന് ശ്വാസകോശത്തിലേറ്റ ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.
മുറിവാലൻ കൊമ്പന്റെ ശരീരത്തിൽ നിന്ന് 20 പെല്ലറ്റുകൾ കണ്ടെത്തിയിരുന്നു . പോസ്റ്റ്മോർട്ടം പരിശോധനയിലാണ് പെല്ലറ്റുകൾ കണ്ടെത്തിയത്. ഇതിന് കാലപ്പഴക്കമുള്ളതായി വൈദ്യസംഘം പറഞ്ഞു. മുറിവാലൻക്കൊമ്പനും ചക്കക്കൊമ്പനും അരിക്കൊമ്പനുമായിരുന്നു മൂന്നാര്‍ ഭാഗത്തെ സ്ഥിരം പ്രശ്നക്കാര്‍.