മൂന്നാർ :ഇടുക്കിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് കാട്ടാന ആക്രമണം നടത്തി. ചിന്നക്കനാലിൽ ചക്കക്കൊമ്പനും ദേവികുളത്ത് പടയപ്പയും ആക്രമണം നടത്തി.
ചിന്നക്കനാൽ സിങ്കുകണ്ടത്ത് കൂനംമാക്കൽ മനോജിന്റെ വീടിനു നേരെയാണ് ചക്കക്കൊമ്പന്റെ ആക്രമണം.
പുലർച്ചെ നാലുമണിയോടെ സിങ്കുകണ്ടം ഭാഗത്ത് എത്തിയ ചക്കക്കൊമ്പൻ മനോജിന്റെ വീടിന്റെ വാതിലിൽ കുത്തുകയായിരുന്നു.ആക്രമണത്തിൽ വീടിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ചിന്നക്കനാലിൽ നിന്ന് ആർആർടി സംഘം സ്ഥലത്തെത്തിയിട്ടുണ്ട് . ആനയെ തുരത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
ദേവികുളം മിഡിൽ ഡിവിഷനിൽ ഇറങ്ങിയ പടയപ്പ ജനവാസമേഖലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്. അടിമാലി നേര്യമംഗലം റൂട്ടിൽ ദേശീയപാതയിലെ ആറാംമൈലിൽ കാട്ടാന ഇറങ്ങിയിട്ടുണ്ട്. ഇതുവഴി പോകുന്ന യാത്രക്കാർക്ക് ജാഗ്രതാ നിർദേശം നൽകി. ചൊവ്വാഴ്ച രാത്രി ദേവികുളത്തെ ലയങ്ങൾക്ക് സമീപം കാട്ടാനകൂട്ടം ഇറങ്ങിയിരുന്നു. നാട്ടുകാർ ചേർന്ന് തുരത്തുകയായിരുന്നു.
അതേ സമയം,പത്തനംതിട്ട റാന്നിയിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച രണ്ടു പേരെ കാട്ടാന ആക്രമിച്ചു. ചെമ്പരത്തിമൂട്ടിൽ മജീഷ്, പനച്ചിക്കൽ രതീഷ് എന്നിവർക്കാണ് പരിക്കേറ്റത്.