നിലമ്പൂർ: എഡിജിപി അജിത് കുമാറിനെതിരെയും സിപിഎമ്മിന് എതിരെയും രൂക്ഷ വിമർശനം നടത്തി പി.വി. അൻവർ. അജിത് കുമാറിനെ വച്ച് ആർഎസ്എസ് മോശപ്പെട്ട പല പ്രവൃത്തികളും ചെയ്തിട്ടുണ്ടെന്ന് അൻവർ ആരോപിച്ചു. എന്നാൽ താൻ ഉന്നയിച്ച പ്രശ്നങ്ങളെ പാർട്ടി അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു. ‘‘സഖാക്കൾ എനിക്ക് മറുപടി നൽകണം. സാധാരണക്കാർക്കു വേണ്ടിയാണ് ഞാൻ ഇടപെട്ടത്. എംഎൽഎ വിളിച്ചാൽ പോലും ചിലർ ഫോൺ എടുക്കില്ല. ചോദ്യം ചെയ്യേണ്ട അവകാശം ജനങ്ങൾക്കുണ്ട്. പൊലീസിനു ശമ്പളം കൊടുക്കുന്നത് ആരാണ്? പാർട്ടിയിൽ ഞാൻ കൊടുത്ത കത്തുകൾ ബൈൻഡ് ചെയ്തു വച്ചാൽ എകെജി സെന്ററിൽ അടുത്ത തലമുറയ്ക്ക് പഠിക്കാനുണ്ടാകും’’– അൻവർ പറഞ്ഞു.
‘‘കാല് വെട്ടി നിങ്ങൾ കൊണ്ടു പോയാൽ വീൽ ചെയറിൽ ഞാൻ വരും. വെടിവച്ച് കൊല്ലേണ്ടി വരും. പറ്റുമെങ്കിൽ ചെയ്യ്. ഞാൻ ഒരുങ്ങി നിൽക്കുകയാണ്. ഓരോ മണിക്കൂറും ഞാൻ തയാറെടുക്കുകയാണ്. നാളെ ഈ നാടിന്റെ ഏതെങ്കിലും ഒരു മൂലയ്ക്ക് വെടി കൊണ്ട് ഞാൻ വീഴും. ഒരു അൻവർ പോയാൽ മറ്റൊരു അൻവർ വരണം. ചെറുപ്പക്കാർ ഈ പോരാട്ടത്തിൽ നിന്നും പിന്തിരിയരുത്. 2036 ലാണ് സംഘപരിവാർ പ്ലാൻ ചെയ്യുന്ന കാര്യം നടക്കാൻ പോകുന്നത്. 2026 ൽ 25 സീറ്റാണ് ബിജെപി പ്ലാൻ ചെയ്യുന്നത്. അവരത് പിടിച്ചിരിക്കും. 2031ൽ അവർ സംസ്ഥാനത്ത് അധികാരത്തിൽ വരും. അവർക്ക് ധൃതിയില്ല’’– അൻവർ പറഞ്ഞു
അതേസമയം, മാമി കേസ് എന്താണ് തെളിയാത്തതെന്നും അദ്ദേഹം ചോദിച്ചു. മാമി കൊലപാതകത്തിൽ അജിത് കുമാർ നേരിട്ട് ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചാൽ തെളിയും. മാമിയുമായി ഇടപാട് ഉള്ളവരെയെല്ലാം സ്വകാര്യമായി ചോദ്യം ചെയ്യാൻ വിളിപ്പിക്കുകയാണ്. ഇതൊന്നും പൊലീസ് അറിയുന്നില്ല. വിളിച്ചുവരുത്തിയവരെ അന്വേഷണ ഉദ്യോഗസ്ഥൻ വിരട്ടും. മാനക്കേട് ഭയന്ന് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഇവർ പറയും. അഞ്ചും പത്തും അമ്പത് ലക്ഷം വരെ കൊടുത്തവരുണ്ട്. ഈ വിഷയത്തിൽ ഞാൻ ഇടപെട്ടപ്പോഴാണ് അത് നിന്നത്. മാമിയുടെ കാര്യം എന്തായെന്ന് നാളെ കോഴിക്കോട് വിശദീകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.