ഡോ.പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും

ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. സിപിഐഎം പാർട്ടി ചിഹ്നത്തിൽ ആയിരിക്കില്ല ഡോ. പി സരിൻ പാലക്കാട് മത്സരിക്കുക.

author-image
anumol ps
New Update
sarin

 

പാലക്കാട്: പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. ജില്ലാ സെക്രട്ടറിയേറ്റ് ഐക്യകണ്ഠേന പേര് അംഗീകരിച്ചു. ഉടൻ പേര് ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യും. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് ഉണ്ടാകും. സിപിഐഎം പാർട്ടി ചിഹ്നത്തിൽ ആയിരിക്കില്ല ഡോ. പി സരിൻ പാലക്കാട് മത്സരിക്കുക. എൽഡിഎഫ് സ്വതന്ത്രനായി തന്നെ രംഗത്ത് ഇറക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. പൊതുവോട്ടുകൾ കൂടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് പാർട്ടി ചിഹ്നം വേണ്ടെന്ന് വെയ്ക്കുന്നത്.

ഇതിനിടെ അൻവറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വന്നാൽ അതിന്റെ അർത്ഥത്തെ വ്യാഖ്യാനിക്കാൻ എല്ലാവർക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിൻറെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായി പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.

കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാനാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

palakkad ldf candidate p sarin