തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു കോട്ടയം. കേരളാ കോണ്‍ഗ്രസിലെ മാണി- ജോസഫ് പാര്‍ട്ടികളള്‍ നേരിട്ട് ഏറ്റ് മുട്ടിയ മണ്ഡത്തില്‍ ആര് തോറ്റാലും അത് അവരുടെ പെട്ടിയിലെ അവസാനത്തെ ആണിയടിക്കലാകും. ജോസഫ് വിഭാഗമാണ് തോക്കുന്നതെങ്കില്‍ കോട്ടയത്ത് വന്‍ സ്വാധീനമുണ്ടെന്ന് പറയുന്ന അവര്‍ക്ക് ഒറ്റ എംഎല്‍എമാത്രമായി ഒതുങ്ങിക്കൂടേണ്ടിവരും. അത് യുഡിഎഫില്‍ ജോസഫ് ഗ്രൂപ്പിന്റെ ഭാവി തുലാസിലാക്കുകയും ചെയ്യും. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെ തോല്‍വിയുടെ പേരുപറഞ്ഞ് ജോസഫിന് ആകപ്പാടെയുള്ള തൊടുപുഴ മണ്ഡലം പോലും കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ സാദ്ധ്യതയുണ്ടായിരുന്നു.പിന്നീട് സംഭവിക്കുന്നത് ്അണികളെല്ലാം മറ്റുപാര്‍ട്ടികളിലേക്ക് ചേക്കേറുകയും പി.ജെ ജോസഫ് വീട്ടിലിരിക്കേണ്ടിയും വരുമായിരുന്നു.
മറിച്ച് മാണി ഗ്രൂപ്പിനേറ്റ തോല്‍വി കനത്തതാണെങ്കിലും ഭരണമുന്നണിയുടെ ഭാഗമായതും എംഎല്‍എമാരുടെ എണ്ണവും വച്ച് തല്‍ക്കാലം ആശ്വാസത്തിന് വകയുണ്ട്. എന്നാല്‍ അത് ശാശ്വതമാകുമെന്ന് വിചാരിക്കേണ്ട. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പി തന്നെ ഇടതുമുന്നണിയില്‍ മാണിഗ്രൂപ്പിനെ ഒതുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്യും അതിനുള്ള പ്രധാന കാരണവും കോട്ടയത്തെ തോല്‍വി തന്നെയാണ്. പിന്നീടങ്ങോട്ട് ജോസ് ക. മാണിയുടെ ഭാവി കണ്ടറിയേണ്ടിയിരിക്കുന്നു.
എന്തായാലും ഫ്രാന്‍സിസ് ജോര്‍ജിലൂടെയുള്ള ജോസഫ് ഗ്രൂപ്പിന്റെ ജയം ഇപ്പോള്‍ അവര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ലഭിക്കാന്‍ പോകുന്നത് സംസ്ഥാന പാര്‍ട്ടി പദവിയാണ്. പാര്‍ട്ടിയ്ക്ക് സംസ്ഥാന പദവി സ്ഥാനം ലഭിക്കുന്നതിനോടൊപ്പം സ്വന്തം ചിഹ്നവും ലഭിക്കും. 2010 ല്‍ മാണി ഗ്രൂപ്പില്‍ ലയിച്ചതുമൂലം നഷ്ടമായ പ്രതാപവും തിരികെ ലഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ലയന സമയത്ത് ജോസഫ് ഗ്രൂപ്പ് സംസ്ഥാന പാര്‍ട്ടിയായിരുന്നു. 2019 ല്‍ മാണി ഗ്രൂപ്പുമായി വഴിപിരിയുമ്പോള്‍ സംസ്ഥാന പാര്‍ട്ടി പദവിയും സ്വന്തമായുള്ള ചിഹ്നവും നഷ്ടമായിരുന്നു. പിളര്‍പ്പിന് പിന്നാലെ നടന്ന 2021 നിയമസഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടനം മൂലം സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചില്ല. അന്ന് ജയിച്ചത് 2 സീറ്റില്‍ മാത്രം. 4 സീറ്റ് ലഭിച്ചിരുന്നെങ്കില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കുമായിരുന്നു.
സംസ്ഥാന പാര്‍ട്ടി പദവി ലഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടു വയ്ക്കുന്ന മാനദണ്ഡങ്ങളില്‍ ഏതെങ്കിലുമൊന്ന് നേടിയാല്‍ മതി. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4 സീറ്റെങ്കിലും ലഭിക്കണം. അല്ലെങ്കില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റെങ്കിലും ജയിക്കണം. ജോസ് കെ.മാണി വിഭാഗത്തിന് നിലവിലെ നിയമസഭയില്‍ 5 അംഗങ്ങളുള്ളതിനാല്‍ കോട്ടയത്തെ പരാജയം മൂലം അവരുടെ സംസ്ഥാന പാര്‍ട്ടി പദവിക്ക് കോട്ടം തട്ടില്ല. 2019 ലെ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് എന്‍.കെ.പ്രേമചന്ദ്രന്‍ വിജയിച്ചതിനാല്‍ ആര്‍എസ്പി കേരളത്തില്‍ സംസ്ഥാന പാര്‍ട്ടിയാണ്. ഈ പദവി നിലനിര്‍ത്താന്‍ കൊല്ലത്തെ വിജയത്തോടെ ആര്‍എസ്പിക്കും കഴിഞ്ഞിട്ടുണ്ട്.