സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച സംഭവത്തിൽ പിഡിപി പ്രവർത്തകർക്കെതിരെ കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പിഡിപി പ്രവർത്തകർ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തിൽ അബ്ദുൾ നാസർ മഅദനിയെയും പിഡിപിയെയും മോശമായ രീതിയിൽ പരാമർശിച്ചു എന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
അന്യായമായ സംഘം ചേരൽ, വഴി തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി, കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മതതീവ്രവാദശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമ രാഷ്ട്രീയവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചരിത്രപരമായി തുറന്നുകാട്ടുന്ന പുസ്തകമാണ് ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം ‘. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം വർത്തമാനകാലത്തിൽ രാഷ്ട്രീയ ഇസ്ലാം ഉയർത്തുന്ന ഭീഷണി വിലയിരുത്തുന്നുണ്ട്.
മുസ്ലിംലീഗ് സമീപകാലത്തായി ഈ മതതീവ്രവാദശക്തികളോട് കാട്ടുന്ന വിട്ടുവീഴ്ചയും യോജിപ്പും സൂചിപ്പിക്കുന്നുണ്ടിതിൽ. ഇസ്ലാമിന്റെ കേരളീയ ചരിത്രവും വളർച്ചയും പ്രസക്തിയും വിശദമാക്കുന്ന പുസ്തകം രചിച്ചത് സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനാണ്. മുസ്ലിം ജനത കേരളത്തിൽ കടന്നുവന്ന വഴികൾ, മലബാർ ലഹളയടക്കമുള്ള ചരിത്ര സംഭവങ്ങൾ എന്നിവ ഇതിൽ വിശദമാക്കുന്നു.
മലബാർ കലാപത്തെ കോൺഗ്രസും മുസ്ലിംലീഗും വർഗീയമായി ചിത്രീകരിച്ചതിനെ രേഖകളുടെ പിൻബലത്തിൽ വിവരിക്കുന്നുവെന്നതാണ് പ്രത്യേകത. ലീഗും സമസ്ത കേരള ജമായ്യത്തുൽ ഉലമയുമടക്കം മുസ്ലിം സമുദായ സംഘടനകളുടെ പിറവി, പ്രവർത്തനം ഇവയും പഠനവിധേയമാണ്. മുസ്ലിംസ്ത്രീകളുടെ മുന്നേറ്റം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി സാമൂഹ്യജീവിതത്തിലെ വിവിധമണ്ഡലങ്ങളിലെ ചലനങ്ങളും പരാമർശിക്കുന്നു.