തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ് നടത്തി പൊലീസ്.ഓപ്പറേഷൻ ആഗ് എന്ന പേരിലാണ് റെയ്ഡ് നടത്തുന്നത്. കരമന നേമം മേഖലയിലാണ് പൊലീസ് പരിശോധന നടക്കുന്നത്. തലസ്ഥാനത്ത് വിവിധ ഇടങ്ങളിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാവുകയാണ്.കഴിഞ്ഞ ദിവസം കരമനയിൽ അഖിൽ എന്ന യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്തിയിരുന്നു.
പ്രതികളെ 3 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് പിടികൂടുന്നത്.പലയിടത്തും വീടുകൾക്ക് നേരെയും ജനങ്ങൾക്ക് നേരെയും ഗുണ്ടാക്രമണങ്ങൾ നടന്നതായി വാർത്തകൾ വന്നിരുന്നു. സംഭവം മാധ്യമങ്ങളിലടക്കം ചർച്ചാവിഷയമായതോടെയാണ് പൊലീസ് ഇടപെടുകയും അടിയന്തര നടപടികളിലേക്ക് കടക്കുകയും ചെയ്തിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി വെള്ളറടയിൽ വീണ്ടും ലഹരിമാഫിയയുടെ ആക്രമണം ഉണ്ടായിരുന്നു.പൊലീസിനെതിരെ വ്യാപക വിമർശനവുമുയർന്നിട്ടുണ്ട്. സിറ്റി പൊലീസ കമ്മീഷണറുടെയും റൂറൽ എസ്പിയുടെയും നിർദ്ദേശപ്രകാരമാണ് ഇപ്പോൾ ഗുണ്ടാലിസ്റ്റിൽ പെട്ട കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ് നടത്താനുള്ള തീരുമാനം. ഇന്ന് പുലർച്ചെ മുതലാണ് ഇവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നത്. ഇവരിൽ കാപ്പ ചുമത്തപ്പെട്ട പ്രതികളുടെ വീടുകളുമുണ്ട്. സംസ്ഥാനതലത്തിലേക്ക് ഈ പരിശോധന വ്യാപിപ്പിക്കാനും സാധ്യതയുണ്ട്.