കോട്ടയം: ലോക്സഭാ തെരഞ്ഞടുപ്പ് പ്രചാരണത്തിൽ സജീവമാകാൻ അന്തരിച്ച കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയുടെ കുടുംബം. ഉമ്മൻചാണ്ടിയുടെ മക്കൾ ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് കോൺഗ്രസിനായി കുടുംബം ഒറ്റക്കെട്ടായി പ്രചാരണത്തിന് ഇറങ്ങുന്നത്.
ചൊവ്വാഴ്ച കോട്ടയത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോജ്ജിന് കെട്ടിവെക്കാനുള്ള തുകയും ഉമ്മൻ ചാണ്ടിയുടെ കുടുംബം കൈമാറി.ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനാണ് പണം സ്ഥാനാർത്ഥിക്ക് കൈമാറിയത്.അച്ഛനെ ശ്രീരാമെന്ന് വിളിച്ചതിന്റെ പേരിൽ തന്നെ ബിജെപിയാക്കാൻ ആരും വരേണ്ടെന്നും കോൺഗ്രസിനും യുഡിഎഫിനും ഒപ്പം കുടുംബം ഉറച്ച് നിൽക്കുമെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
ബിജെപിയിലേക്ക് പോകുമെന്ന എതിരാളികളുടെ ആരോപണം ഒറ്റക്കെട്ടായി തന്നെ ചെറുത്ത് തോൽപ്പിക്കുകയാണ് ലക്ഷ്യം. പ്രചാരണത്തിൽ ഇനി മുതൽ സജീവമായി കുടുംബവും ഉണ്ടാകും. ഉമ്മൻ ചാണ്ടിയുടെ അസാന്നധ്യം ഉണ്ടാകാതിരിക്കാൻ വേണ്ടികൂടിയാണ് തീരുമാനമെന്നും ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയമ്മ ഉമ്മൻ പ്രതികരിച്ചു.
പത്തനംതിട്ടയുൾപ്പടെ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിൽ സജീവമാകാനാണ് തീരുമാനം.പുതുപ്പള്ളിയിലെ വിവിധ കൺവൻഷനുകളിൽ ആകും ആദ്യം കുടുംബം പങ്കെടുക്കുക.പിന്നീട് മറ്റ് മണ്ഡലങ്ങളിലെ പ്രചാരണങ്ങളിലും സജീവമാകുമെന്നാണ് വിവരം. വീട് കയറി വോട്ട് ചോദിക്കുന്നതിനുൾപ്പെടെ ഉമ്മൻ ചാണ്ടിയുടെ കുടുംബം സജീവമാകും.
അതെസമയം ഫ്രാൻസിസ് ജോർജ് വ്യാഴാഴ്ച്ച നാമനിർദ്ദേശപത്രിക സമർപ്പിക്കും. തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഏഴ് അസംബ്ലി നിയോജക മണ്ഡലങ്ങളിലും നാളെ മുതൽ ആറ് വരെ റോഡ് ഷോ സംഘടിപ്പിക്കും. ഒരു ദിവസം രണ്ട് മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് റോഡ് ഷോ. ആദ്യദിനത്തിൽ രാവിലെ വൈക്കവും ഉച്ചകഴിഞ്ഞ് പിറവത്തുമാണ് റോഡ് ഷോ നടക്കുക.