തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ തിരക്കേറിയ ഓവർബ്രിജ് ജംക്‌ഷനിൽ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് ഒരാഴ്ച.ഇതോടെ ഗതാഗതനിയന്ത്രണം താളം തെറ്റിയിരിക്കുകയാണ്.
ഗതാഗതനിയന്ത്രണത്തിനായുള്ള ട്രാഫിക് പൊലീസിനു പോലും പലപ്പോഴും വാഹനങ്ങളെ നിയന്ത്രിക്കാനോ ഗതാഗതം സുഗമമാക്കാനോ സാധിക്കാത്ത വിധത്തിലാണ് വാഹനങ്ങൾ പായുന്നത്.മാത്രമവല്ല പകൽ കനത്ത ചൂടായതിനാൽ മുഴുവൻ സമയവും വെയിലത്തു നിന്ന് ട്രാഫിക് നിയന്ത്രിക്കാൻ പൊലീസിനു കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം.
രാത്രി പൊലീസ് സാന്നിധ്യം കൂടി ഇല്ലാതാകുന്നതോടെ വാഹനങ്ങൾ തോന്നിയപടിയാണ് സഞ്ചരിക്കുന്നത്. കിഴക്കേകോട്ട സ്റ്റാൻഡിലേക്കും തിരിച്ചും പോകുന്ന ബസുകൾ ഏറെയുള്ളതിനാൽ സിഗ്നൽ ലൈറ്റ് ഇല്ലാത്ത ജംക്‌ഷനിൽ ഭീതിയോടെയാണ് വാഹനമോടിക്കുന്നതെന്നാണ് ഇരുചക്രവാഹന യാത്രക്കാർ പറയുന്നത്.ഓവർബ്രിജ് ജംക്‌ഷനിൽ നിന്നു തമ്പാനൂർ ഭാഗത്തേക്കു പോകുമ്പോൾ ആർഎംഎസിനു സമീപമുള്ള സിഗ്നൽ ലൈറ്റുകളും പ്രവർത്തനരഹിതമാണ്.അധികൃതർ ഇനിയും ഇക്കാര്യം ശ്രദ്ധിച്ചെങ്കിൽ അപകടങ്ങൾ ഉണ്ടാകാനും സാധ്യത ഏറെയാണ്.