തിരുവനന്തപുരം: കേന്ദ്രത്തിന്റെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പരിഷ്കരണത്തിനെതിരെ ഏകകണ്ഠമായി പ്രമേയം പാസാക്കി കേരളാ നിയമസഭ. മുഖ്യമന്ത്രിക്ക് വേണ്ടി പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷാണ് പ്രമേയം അവതരിപ്പിച്ചത്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നിയമസഭകളുടെ കാലവാധി വെട്ടിച്ചുരുക്കുന്നതിനുള്ള നിർദേശമാണ് ഉന്നതതല സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ പാർലമെന്റിന്റെ കാലാവധിയോടും തിരഞ്ഞെടുപ്പിനോടും ചേർന്നുനിൽക്കുന്ന വിധത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി ഇത്തരത്തിൽ വെട്ടിച്ചുരുക്കാമെന്നും നിർദേശമുണ്ട്. ഈ നടപടി സംസ്ഥാന സർക്കാരുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തിരഞ്ഞെടുത്ത ജനങ്ങളോടുള്ള അവഹേളനവും പൂർണ കാലാവധിയിലേക്ക് തങ്ങളുടെ സർക്കാരിനെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ ജനാധിപത്യപരമായ അവകാശങ്ങളുടെ നഗ്നമായ ലംഘനവും ഇന്ത്യയുടെ ഫെഡറൽ ഘടനയ്ക്കുമേലുമുള്ള കൈകടത്തലുമാണ്.
പാർലമെന്റ്, നിയമസഭ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളെ കേവലം ചെലവായി മാത്രം കാണുന്നത് ജനാധിപത്യവിരുദ്ധമാണ്. ജനാധിപത്യവിരുദ്ധ ചിന്താഗതിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ആശയത്തിൽ നിഴലിച്ചുനിൽക്കുന്നത്.ചെലവ് ചുരുക്കാനും ഭരണം സുഗമമാക്കാനും മറ്റു ലളിതമാർഗങ്ങൾ സ്വീകരിക്കാമെന്നിരിക്കെ ആശയം ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ്.
സംസ്ഥാനങ്ങളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും അവകാശങ്ങളെ ഹനിക്കുന്നതും ജനങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ജനാധിപത്യവിരുദ്ധ പരിഷ്കരണ പരിപാടിയാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്. രാജ്യത്തെ തിരഞ്ഞെടുപ്പുകളാകെ ഒരേസമയം നടത്താനുള്ള ശുപാർശ ഭരണഘടനയുടെ അന്തസത്തയ്ക്ക് നിരക്കാത്തതും ഭരണഘടനാമൂല്യങ്ങൾക്കെതിരുമാണ്. ജനാധിപത്യ വികേന്ദ്രീകരണം സാധ്യമാക്കുന്നതിന് പകരം അധികാര കേന്ദ്രീകരണത്തിന് വഴിവെക്കുന്ന നടപടിയാണിത്.