അത്തം പിറന്നു; പൂക്കളമിട്ട് മലയാളികള്‍

അത്തപ്പൂക്കളത്തിനായുള്ള പൂക്കള്‍ക്കും ഇത്തവണ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്കുള്ള പൂക്കള്‍ കൂടുതലും എത്താറുള്ളത്. ഇത്തവണയും അതിനു മാറ്റമില്ല.

author-image
Anagha Rajeev
New Update
onam
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ന് അത്തം. ഇനിയുള്ള പത്തു ദിവസം മലയാളികള്‍ പൂക്കളമിടുന്നതിന്റെ തിരക്കിലാണ്. കേരളത്തിന്റെ ദേശീയോത്സവമാണ് ഓണം. ഓണത്തെ വരവേല്‍ക്കാന്‍ കേരളക്കരയില്‍ അത്തക്കളങ്ങളും ഒരുങ്ങി. കാക്കപ്പൂക്കളും തുമ്പപ്പൂക്കളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന പൂക്കള്‍ കൊണ്ട് മലയാളികള്‍ പൂക്കളം തീര്‍ക്കുകയാണ്. വയനാട്ടിലെ ഉരുള്‍ പൊട്ടല്‍ ഒരു നീറ്റലായി ഇപ്പോഴും മലയാളികളുടെ മനസില്‍ നില്‍ക്കുകയാണ്. അതിനിടെയാണ് ഓണക്കാലം എത്തിയത്. ഉരുളെടുത്തവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചാണ് കേരളത്തില്‍ അത്തപ്പൂക്കളമൊരുങ്ങുന്നത്. 

അത്തപ്പൂക്കളത്തിനായുള്ള പൂക്കള്‍ക്കും ഇത്തവണ ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്കുള്ള പൂക്കള്‍ കൂടുതലും എത്താറുള്ളത്. ഇത്തവണയും അതിനു മാറ്റമില്ല. വില കുറച്ചു കടുപ്പമെന്നു മാത്രം. ഓണാഘോഷത്തിന്റെ ഭാഗമാകാന്‍ കുടുംബശ്രീയും പൂക്കൃഷി തുടങ്ങിയിട്ടുണ്ട്. കുടുംബശ്രീയുടെ 780 ഏക്കറില്‍ തീര്‍ത്ത പൂക്കള കൃഷി വിളവെടുപ്പിനായി തൈയ്യാറായി. 1819 വനിതാ കുടുംബശ്രീ സംഘങ്ങള്‍ ആണ് ഈ പൂ കൃഷിക്ക് പിന്നില്‍. ഈ കര്‍ഷക സംഘം 1253 ഏക്കറില്‍ പൂക്കള കൃഷി നടത്തി. അതാണ് ഇപ്പോള്‍ വിളവെടുപ്പിനു തൈയ്യാറായത്.

അത്തം തുടങ്ങി പത്താം നാള്‍ പൊന്നോണം. പുതുവസ്ത്രങ്ങളുടുത്ത് സമൃദ്ധമായ സദ്യയുണ്ടാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനം. സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഓണപ്പരീക്ഷയും നടക്കുകയാണ്. പരീക്ഷാപ്പേടിയുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ചാണ് കുട്ടികള്‍ അത്തക്കളം ഒരുക്കുന്നത്. ഈമാസം 12ന് ഓണപ്പരീക്ഷ അവസാനിക്കും. അതോടെ അവര്‍ ഓണാവധിയിലേക്കു പ്രവേശിക്കും. വ്യാപാരികളെ സംബന്ധിച്ച് ഓണക്കാലം ഏറെ പ്രത്യേകതയുള്ളതാണ്. ഓണത്തിന് പുതുവസ്ത്രങ്ങള്‍ വാങ്ങാന്‍ ആളുകള്‍ ഷോപ്പുകളിലേക്കെത്തും. കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ചൊല്ല്. അതിനെ അന്വര്‍ത്ഥമാക്കുന്നതാണ് ഇപ്പോള്‍ നഗരങ്ങളില്‍ കാണുന്നതും. ഓണത്തിന് ഇനി ഒമ്പതു ദിവസം മാത്രമാണ് അവശേഷിക്കുന്നത്. അതിനിടയ്ക്ക് ഓണസദ്യക്കും മറ്റുമുള്ള കോപ്പുകള്‍ കൂട്ടാനുള്ള ഒരുക്കത്തിലാണ് വീട്ടമ്മമാരും.

Onam 2024