തൃപ്പൂണിത്തുറ: കേരളത്തിൽ സർക്കാർ ജീവനക്കാർക്ക് ലഭിച്ചിരുന്ന പഴയ പെൻഷൻ സമ്പ്രദായം അട്ടിമറിച്ചത് യു.ഡി.എഫ് സർക്കാരാണെന്നും, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കുമെന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിൻ്റെ വാഗ്ദാനം പാലിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ. എറണാകുളം ജില്ലാ സെക്രട്ടറി കെ.ദിനകരൻ ആവശ്യപ്പെട്ടു. സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജോയിൻ്റ് കൗൺസിൽ നാല്പതിനായിരത്തോളം ജീവനക്കാരെ പങ്കെടുപ്പിച്ച് കൊണ്ട് സെക്രട്ടറിയേറ്റ് മുന്നിൽ നടത്തിയ മാർച്ചും ധർണ്ണയും , കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ 37 ദിവസം നീണ്ടു നിന്ന സിവിൽ സർവ്വീസ് സംരക്ഷണ ജാഥയും സർക്കാർ കണ്ടില്ലെന്ന് നടിക്കരുത്. ജീവനക്കാരുടെ കുടിശ്ശികയായ ക്ഷാമബത്തയും, ലീവ് സറണ്ടർ ആനുകൂല്യങ്ങളും ശമ്പളപരിഷ്കരണ കുടിശ്ശികയും ഉൾപ്പടെ ജീവനക്കാർക്ക് അർഹമായ അടിസ്ഥാന ആനുകൂല്യങ്ങൾ അനുവദിച്ചു നൽകുന്നതിൽ ഇനിയും കാലവിളംബം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ജോയിൻ്റ് കൺസിൽ എറണാകുളം ജില്ലാ സമ്മേളനം തൃപ്പൂണിത്തുറ റ്റി വേലായുധൻ നഗറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവനക്കാർ സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നതിനും, കാര്യക്ഷമവും ജനോപകാരപ്രദവുമായ അഴിമതിരഹിത സിവിൽ സർവ്വീസ് സാധ്യമാക്കുന്നതിന് കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തന ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ജോയിൻ്റ് കൗൺസിൽ ജില്ലാ പ്രസിഡൻ്റ് അനൂപ് എം.എ. അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ കെ.പി. ഗോപകുമാർ സംഘടന റിപ്പോർട്ടവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഹുസൈൻ പതുവന പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ കെ.കെ. ശ്രീജേഷ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ എം.സി.ഗംഗാധരൻ, ബിന്ദു രാജൻ, സ്വാഗത സംഘം ചെയർമാൻ റ്റി രഘുവരൻ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എ. അനീഷ്, എസ്.കെ.എം. ബഷീർ, പി.എ. രാജീവ്, എം.സി. ഷൈല എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.പി. പോൾ പ്രമേയങ്ങൾ അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി. പ്രവിത രക്തസാക്ഷി പ്രമേയവും, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ ജി. അരുൺ കുമാർ അനുശോചന പ്രമേയവും, സുഭാഷ് വി മാത്യു ക്രെഡൻഷ്യൽ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ജനറൽ കൺവീനർ കെ.കെ. മധുസൂദനൻ സ്വാഗതവും മേഖല സെക്രട്ടറി വാസു പ്രസൂൺ റ്റി. ആർ നന്ദിയും പറഞ്ഞു.
# പുതിയ ജില്ലാ ഭാരവാഹികളായി
എം.എ. അനൂപ് (പ്രസിഡൻ്റ്), കെ.പി.പോൾ, ഇ.പി പ്രവിത , അബു . സി . രഞ്ജി (വൈസ് പ്രസിഡൻ്റുമാർ), ഹുസൈൻ പതുവന ( സെക്രട്ടറി) സതീഷ്കുമാർ റ്റി.എസ്, അരുൺ കുമാർ . ജി., സുഭാഷ് വി. മാത്യു (ജോയിൻ്റ് സെക്രട്ടറിമാർ), കെ.കെ. ശ്രീജേഷ് (ട്രഷറർ) എന്നിവരെയും വനിത ജില്ലാ കമ്മിറ്റി പ്രസിഡൻ്റായി കൊച്ചുത്രേസ്യ ജാൻസി (പ്രസിഡൻ്റ്), എം.സി.ഷൈല (സെക്രട്ടറി ) എന്നിവരെയും തെരഞ്ഞെടുത്തു.