ചലച്ചിത്ര നിരൂപണത്തിന്റെ പേരിൽ അഭിനേതാക്കൾക്കെതിരെ അശ്ലീല പ്രയോഗങ്ങൾ നടത്തുന്നുവെന്ന പരാതിയിൽ യുട്യൂബർ സന്തോഷ് വർക്കിയ്‌ക്ക് പൊലീസ് താക്കീത്.നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും അശ്ലീല പദങ്ങൾ ഉപയോഗിച്ച് സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് നടൻ ബാല താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു.
ആറാട്ടണ്ണൻ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇയാൾ ഇത്തരം വീഡിയോ പങ്കുവയ്‌ക്കുന്നത്.കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു നടിയെ ലിപ്‌ലോക്ക് ചെയ്യണമെന്ന സന്തോഷ് വർക്കിയുടെ പ്രസ്താവന വൻ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പൊലീസിന്റെ താക്കീത്.
ബാലയുടെ പരാതിയിൽ ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ദീഖ് തുടർ നടപടികൾ സ്വീകരിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ സന്തോഷ് വർക്കിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്ന് എഴുതി ഒപ്പുവപ്പിച്ചു. ഇനിയും ഇത്തരം കാര്യങ്ങൾ ആവർത്തിച്ചാൽ കേസെടുക്കുമെന്ന് പൊലീസ് ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.