യുവാവിന്റെ മരണം കൊലയെന്ന് സംശയം: ഒരാള്‍ അറസ്റ്റില്‍

ഒരു വാഹനത്തില്‍ ജോബി മാത്യു ഓടിച്ചിരുന്ന കാര്‍ ഇടിയ്ക്കുകയും പരുക്കേറ്റ് കിടന്ന ജോബിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കയുമായിരുന്നു. വാഹനാപകടം എന്നാണ് ആദ്യം കരുതിയത്

author-image
Prana
New Update
murder case
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊടുമണ്‍ ഇടത്തിട്ട പുതുപറമ്പില്‍ വീട്ടില്‍ ജോബി മാത്യു (44)വിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ചിന്നലബ്ബ വീട്ടില്‍ അബ്ദുല്‍ അസീസ് (45)നെ പോലീസ് അറസ്റ്റ് ചെയ്തു.മെയ് 25ന് രാത്രി 8.45ഓടെ ഇടത്തിട്ട ജങ്ഷന് സമീപം റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു വാഹനത്തില്‍ ജോബി മാത്യു ഓടിച്ചിരുന്ന കാര്‍ ഇടിയ്ക്കുകയും പരുക്കേറ്റ് കിടന്ന ജോബിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കയുമായിരുന്നു. വാഹനാപകടം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പരുക്ക് വാഹനാപകടത്തില്‍ സംഭവിച്ചതല്ലെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു. തലയുടെ പിന്‍ഭാഗത്ത് പൊട്ടല്‍ ഉണ്ടെന്നും കണ്ടെത്തി. ഇതേ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ജൂണ്‍ നാലിന് ജോബി മരിച്ചു. തുടര്‍ന്ന് സി സി ടി വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കാര്‍ ഇടിച്ചതിനു ശേഷം തര്‍ക്കിക്കുന്നതും തള്ളിയിടുന്നതും ശ്രദ്ധയില്‍പ്പെട്ടു. ജില്ലാ പോലീസ് മേധാവി വി അജിത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അന്വേഷണ സംഘങ്ങള്‍ ചേര്‍ന്ന് 50 ഓളം സി സി ടി വികള്‍ പരിശോധിച്ചതില്‍ നിന്ന് ഇടിച്ചത് ചുവന്ന സ്വിഫ്റ്റ് കാര്‍ ആണെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ജില്ലയിലെ വര്‍ക്ക് ഷോപ്പുകള്‍, കാര്‍ ഷോറൂമുകള്‍, കാര്‍ പെയിന്റിങ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. ജില്ലയിലെ ചുവന്ന സ്വിഫ്റ്റ് കാറുകളുടെ ലിസ്റ്റ് ആര്‍ ടി ഓഫീസില്‍ നിന്നും ശേഖരിക്കുകയും 200 ഓളം വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു.

 

obit news