ചികിത്സപ്പിഴവില്‍ നഴ്സുമാരെ അറസ്റ്റ് ചെയ്യരുത്; ഡോക്ടര്‍മാര്‍ക്കുള്ള സമാന പരിരക്ഷ ഉറപ്പാക്കണം; ഹൈക്കോടതി

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് രജിസ്റ്റര്‍ചെയ്ത കേസ് പരിഗണിക്കവെയാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്.

author-image
Anagha Rajeev
New Update
kerala-highcourt

ആശുപത്രിയില്‍ ചികിത്സപ്പിഴവുണ്ടായി എന്ന പരാതിയുടെ പേരില്‍ ഒരിക്കലും നഴ്സുമാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടി പാടില്ലെന്ന് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി മൂന്നുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ താത്കാലിക നഴ്സായിരുന്ന യുവതിയുടെ പേരില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് രജിസ്റ്റര്‍ചെയ്ത കേസ് പരിഗണിക്കവെയാണ് ഇങ്ങനെ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് അദേഹം റദ്ദാക്കി. നഴ്‌സിന്റെ കൈയില്‍ നിന്നും 10 വയസ്സുള്ള കുട്ടിക്ക് ചികിത്സനല്‍കുന്നതില്‍ വീഴ്ചയുണ്ടായി എന്നായിരുന്നു പരാതി. രോഗീപരിചരണത്തിനായി രാവുംപകലും പ്രവര്‍ത്തിക്കുന്ന നഴ്സുമാരുടെ സേവനം അംഗീകരിക്കപ്പെടണമെന്ന് കോടതി നിര്‍ദേശിച്ചു.

ചികിത്സപ്പിഴവിനെക്കുറിച്ചുള്ള പരാതിയില്‍ ഡോക്ടര്‍മാരുടെപേരില്‍ കേസെടുക്കുന്നതിന് മുന്‍പ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ട്. സമാന പരിരക്ഷ നഴ്സുമാര്‍ക്കും ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ഡോക്ടര്‍മാരുടെ കാര്യത്തില്‍ 2008-ല്‍ പുറപ്പെടുവിച്ച സര്‍ക്കുലറിന് സമാനമായ സര്‍ക്കുലര്‍ പുറപ്പെടുവിക്കാനാണ് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടിരിക്കുന്നത്.

High Court