തൃശൂര്‍: കേരള കലാമണ്ഡലത്തിൽ ഇനിമുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം.ബുധനാഴ്ച ചേർന്ന ഭരണസമിതി യോഗത്തിലാണ് ചരിത്രപരമായ തീരുമാനം.ജാതി, ലിംഗ അധിഷേപം ഏറ്റുവാങ്ങേണ്ടിവന്ന മോഹിനിയാട്ടം നർത്തകൻ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തിൽ അവസരം ഒരുങ്ങിയതിന് തൊട്ടടുത്ത ദിവസം തന്നെയാണ് ഇങ്ങനെയൊരു ചരിത്ര തീരുമാനത്തിലേക്ക് കലാമണ്ഡലം എത്തുന്നത്.
എല്ലാ കോഴ്‌സുകളിലേക്കും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ പ്രവേശിപ്പിക്കാനാണ് ഭരണ സമിതി യോഗത്തിൽ തീരുമാനിച്ചത്. കഥകളിയിൽ പെൺകുട്ടികൾക്ക് അവസരം നൽകിയത് കൊണ്ട് തന്നെ മോഹിനിയാട്ടത്തിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് കോഴ്സുകൾ കൂടി ഈ വർഷം ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മാറുന്ന കാലത്തെ, കലാമണ്ഡലവും അഭിസംബോധന ചെയ്യും, ജെൻട്രൽ ന്യൂട്രലായ അക്കാദമിക സ്ഥാപനമായി കലാമണ്ഡലം നിലനിൽക്കാനാണ് ആഗ്രഹം, അതിനാല്‍ ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചിരുന്നു.