കൊച്ചി : ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആൾ മയക്ക് മരുന്ന് ഗുളികളുമായി വീണ്ടും പിടിയിലായി.കൊച്ചി ഗാന്ധി നഗർ ഉദയ കോളനി നമ്പർ 102 ൽ നീഗ്രോ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് ബാലൻ (38) ആണ് എറണാകുളം എക്സൈസ് റേഞ്ചിൻ്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് അത്യന്തം വിനാശകാരിയായ 40 എണ്ണം (22.405 ഗ്രാം) നൈട്രോസെപാം സെഡേറ്റീവ് ഗുളികകൾ കണ്ടെടുത്തു. അമിത ഭയം, ഉത്കണ്ഠ എന്നിങ്ങനെയുള്ള മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സമാശ്വാസമേകുന്നതിനായി നൽകി വരുന്നതാണ് നൈട്രോസെപാം ഗുളികകൾ. ഇത്തരത്തിലുള്ള മയക്ക് മരുന്ന് 20 ഗ്രാമിൽ അധികം കൈവശം വയ്ക്കുന്നത് 10 വർഷത്തെ കഠിന തടവിനും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന അധീവ ഗൗരവകരമായ കൃത്യമാണ്. വെറും നാല് രൂപ വിലയുള്ള ഒരു മയക്ക് മരുന്ന് ഗുളിക 200 രൂപക്കാണ് ഇയാൾ മറിച്ച് വിൽപ്പന നടത്തി വന്നിരുന്നത്. രണ്ട് മാസം മുൻപ് കാക്കനാട് തുതിയൂരിൽ നിന്ന് 56 എണ്ണം നൈട്രോസെപാം ഗുളികകളുമായി ഒരാളെ എക്സൈസിൻ്റെ പ്രത്യേക സംഘം പിടി കൂടിയിരുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള യുവതി യുവാക്കൾക്ക് മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന നീഗ്രോ സുരേഷിനെ കുറിച്ചുള്ള വിവരം എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘത്തിന് ലഭിക്കുന്നതും ഇതു പ്രകാരം ഇയാൾ പിടിയിലാകുന്നതും. നേരത്തെ 100 ലേറെ മയക്ക് മരുന്ന് ഇഞ്ചക്ഷൻ ഐപി ആംപ്യൂളുകളുമായി ഇയാളെ എക്സൈസ് പിടികൂടിയിരുന്നു.
ഇയാളുടെ പേരിൽ മോഷണം, അടിപിടി, ഭവനഭേദനം , ഭീഷിണിപ്പെടുത്തൽ, മയക്ക് മരുന്ന് കടത്തൽ എന്നീ കുറ്റകൃത്യങ്ങൾക്ക് വിവിധ സ്റ്റേഷനുകളിൽ നിലവിൽ കേസുകൾ ഉള്ളതാണ്. ഗുണ്ടാലിസ്റ്റിൽ പെടുത്തി തടവിൽ പാർപ്പിച്ചിരുന്ന ഇയാൾ ഈ അടുത്തിടെയാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ബസ് മാർഗ്ഗം കോയമ്പത്തൂർ പോയി മയക്ക് മരുന്ന് ഗുളികകൾ വാങ്ങിയയതെന്ന് പറഞ്ഞു.
ജില്ലയിലെ കോളേജ് ഹോസ്റ്റലുകൾ കേന്ദ്രീകരിച്ചായിരുന്നു വില്പന. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ടി.എം. മജുവിന്റെ നിർദേശത്തെ തുടർന്ന് എറണാകുളം റേഞ്ച് ഇൻസ്പെക്ടർ വി.സജി, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ എൻ.ഡി. ടോമി, ഐ.ബി പ്രിവൻ്റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം റേഞ്ചിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ ടി.എം. വിനോദ്, കെ.കെ അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽദേവ് , ജിഷ്ണു മനോജ്, വനിതാ സിഇഒ റസീന വി ബി. എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.