ഒന്നും രണ്ടുമല്ല, 38 റെയിൽവേ സ്റ്റേഷനുകൾ അടിപൊളിയാകും; സെക്കന്തരാബാദ് സ്റ്റേഷന് മാത്രം 700 കോടി

1,830.4 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തെ 38 റെയിൽവേ സ്‌റ്റേഷനുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു.

author-image
Anagha Rajeev
Updated On
New Update
secundarabhad railway

ഹൈദരാബാദ്: തെലങ്കാനയിലെ 38 റെയിൽവേ സ്റ്റേഷനുകൾ ആധുനികരീതിയിൽ നവീകരിക്കും. ദിവസവും ലക്ഷക്കണക്കിനാളുകൾ എത്തുന്ന സെക്കന്തരാബാദ്, ഹൈദരാബാദ് ഡെക്കാൻ ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളാണ് 1,830.4 കോടി രൂപ ചെലവിൽ മികച്ച സൗകര്യങ്ങളോടെ നവീകരിക്കുക. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ (എബിഎസ്എസ്) ഉൾപ്പെടുത്തിയാണ് തെലാങ്കനയിലെ റെയിൽവേ സ്റ്റേഷനുകൾ മുഖം മിനുക്കുന്നത്. സ്റ്റേഷനുകളുടെ വികസനവും നവീകരണ പ്രവൃത്തികളും പ്രാദേശിക വികസനത്തിന് സഹായമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

1,830.4 കോടി രൂപ ചെലവിലാണ് സംസ്ഥാനത്തെ 38 റെയിൽവേ സ്‌റ്റേഷനുകൾ ആധുനിക രീതിയിൽ നവീകരിക്കുന്നതെന്ന് സൗത്ത് സെൻട്രൽ റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു. ഘട്ടം ഘട്ടമായിട്ടാകും പ്രവൃത്തികൾ പുരോഗമിക്കുക. ഏറെ തിരക്കുള്ള സംസ്ഥാനത്തെ പ്രധാന സ്റ്റേഷനായ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് മാത്രം 700 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഹൈദരാബാദ് ഡെക്കാൻ റെയിൽവേ സ്റ്റേഷനിൽ 309 കോടി രൂപയുടെ പ്രവൃത്തികൾ നടത്തും. സാറ്റലൈറ്റ് ടെർമിനലായി മാറുന്ന ചെർലപ്പള്ളി റെയിൽവേ സ്റ്റേഷന് 430 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

ചെർളപ്പള്ളി റെയിൽവേ സ്റ്റേഷൻ 430 കോടി രൂപ ചെലവിൽ സാറ്റലൈറ്റ് ടെർമിനലായി ഉയർത്തും. ആധുനിക യാത്ര സൗകര്യങ്ങൾ റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കുകയാണ് പദ്ധതികളുടെ പ്രധാന ലക്ഷ്യം. വികസ പ്രവൃത്തികൾ സംബന്ധിച്ച മാസ്റ്റർ പ്ലാൻ തയാറാക്കിയാകും നവീകരണ പ്രവൃത്തികളെന്ന് സൗത്ത് സെൻട്രൽ റെയിൽവേ അറിയിച്ചു. പ്രവേശന കവാടങ്ങൾ, സ്റ്റേഷനിലേക്കുള്ള പ്രധാന റോഡുകൾ, ഫുട്പാത്ത്, പാർക്കിങ് ഏരിയകൾ എന്നീ മേഖലകളിൽ നവീകരണം നടത്തും. അടിസ്ഥാന സൗകര്യ വികസനത്തിനാണ് മുന്തിയ പരിഗണന. കച്ചെഗുഡ, ലിംഗംപള്ളി റെയിൽവേ സ്റ്റേഷനുകളുടെ സാങ്കേതിക - സാമ്പത്തിക സാധ്യതാ പഠനങ്ങൾ അന്തിമ ഘട്ടത്തിലാണ്.

പ്ലാറ്റ്‌ഫോമുകളുടെ നിർമാണം, വിവരങ്ങൾ അറിയാനുള്ള മികച്ച സംവിധാനങ്ങൾ സ്റ്റേഷൻ നെയിം ബോർഡുകൾ, കാത്തിരിപ്പ് മുറി, തിരക്ക് കുറയ്ക്കാനുള്ള സൗകര്യങ്ങൾ എന്നിവയും റെയിൽവേ സ്റ്റേഷനുകളിൽ സജ്ജമാക്കും. ലൈറ്റ് സൗകര്യങ്ങൾ, പൂന്തോട്ടം, പ്രാദേശിക സംസ്കാരം വ്യക്തമാക്കുന്ന ഹൈലൈറ്റുകൾ എന്നിവയും സ്റ്റേഷനുകളിൽ അവതരിപ്പിക്കും. യാത്രക്കാർക്ക് മികച്ച അനുഭവം നൽകാൻ ഈ സാഹചര്യങ്ങൾ ഘടകമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.

railway station