കോട്ടയം: സർക്കാർ പരിപാടികളിൽ തന്നെ ക്ഷണിക്കുന്നില്ലെന്ന ആരോപണവുമായി എംഎൽഎ ചാണ്ടി ഉമ്മൻ. സർക്കാർ പരിപാടികളിൽ ക്ഷണിക്കാത്തതിലെ പ്രതിഷേധം പരിപാടികളിൽ പങ്കെടുത്തു കൊണ്ട് തന്നെ എംഎൽഎ പ്രകടിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മണർകാട് ഉപജില്ലാ കലോത്സവ ഉദ്ഘാടനത്തിലും ഭിന്നശേഷി കലോത്സവത്തിന്റെ സമാപനത്തിലും ക്ഷണിക്കാത്തതിന്റെ പ്രതിഷേധമാണ് ചാണ്ടി ഉമ്മൻ വേദിയിലെത്തി പ്രകടമാക്കിയത്.
ഇക്കാര്യം മണ്ഡലത്തിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ചാണ്ടി ഉമ്മൻ അറിയിച്ചിട്ടുണ്ട്. നേരത്തെ വിഷയം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് സ്പീക്കർ എ എൻ ഷംസീറിന് ചാണ്ടി ഉമ്മൻ പരാതി നൽകിയിരുന്നു. പ്രോട്ടോകോൾ പ്രകാരം അധ്യക്ഷനാകേണ്ട പരിപാടികളിൽ പോലും മുഖ്യാതിഥിയായാണ് ക്ഷണിക്കാറുള്ളതെന്നും ഇത് അവകാശ ലംഘനമാണെന്നുമായിരുന്നു ചാണ്ടി ഉമ്മൻ നൽകിയ കത്തിൽ സൂചിപ്പിച്ചത്.
എന്നാൽ ഫലമുണ്ടാകാത്തതിനെ തുടർന്നാണ് കലോത്സവത്തിൽ ക്ഷണിക്കാതെ പ്രതിഷേധ സൂചകമായി ചാണ്ടി ഉമ്മൻ പങ്കെടുത്തത്. വേദിയിലെത്താൻ സംഘാടകർ നിർബന്ധിച്ചെങ്കിലും സദസിൽ തന്നെ എംഎൽഎ ഇരിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് എംഎൽഎ മണ്ഡലത്തിലില്ല എന്ന് അറിഞ്ഞതിനാലാണ് ക്ഷണിക്കാത്തതെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്.