കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാന്റെ താൽക്കാലിക ചുമതല ഏറ്റെടുത്ത് പ്രേംകുമാർ. അക്കാദമിയുടെ വൈസ് ചെയർമാൻ ആയിരുന്നു പ്രേംകുമാർ. സംവിധായകരുൾപ്പെടെ ചെയർമാനാകാൻ നിരവധിപേർ മത്സരിക്കുന്നതിനിടെയാണ് താൽക്കാലിക ചുമതല പ്രേംകുമാറിന് കൈമാറി സർക്കാർ ഉത്തരവിറക്കിയത്.
എന്നാൽ വ്യക്തിപരമായി തനിക്ക് സന്തോഷമില്ല എന്നാണ് പ്രേംകുമാർ പറയുന്നത്. രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണ്. അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കും. മലയാള സിനിമയിൽ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പിക്കാൻ പരിശീലന പദ്ധതിയുടെ രണ്ടാം ഘട്ടം ഉടൻ ആരംഭിക്കും.
സ്ത്രീ സൗഹൃദ തൊഴിലിടമായി സിനിമ മേഖലയെ മാറ്റും. എന്നാൽ സിനിമ കോൺക്ലേവ് തീയതിയിൽ അന്തിമ തീരുമാനമായിട്ടില്ല. മറ്റേണ്ടവരെ മാറ്റിനിർത്തും. സ്ത്രീകളുടെ പോരാട്ടങ്ങൾക്ക് വേദിയുണ്ടാകണം. അക്കാദമിയുടെ തലപ്പത്തേക്ക് വനിത വരണം ആവശ്യപ്പെട്ടിരുന്നു എന്ന് പ്രേംകുമാർ വ്യക്തമാക്കി.
2025 വരെ ജനറൽ കൗൺസിലിന് കാലാവധിയുണ്ട്. അതിനുശേഷമേ പുതിയ ചെയർമാനെ നിയമിക്കൂ എന്നാണ് ലഭിക്കുന്ന വിവരം. ആദ്യമായാണ് ഒരു നടൻ അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്. ദീർഘകാലമായി അഭിനയരംഗത്തുള്ള പ്രേംകുമാർ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് തിയേറ്റർ ആർട്സിലും കേരള സർവകലാശാലയിൽനിന്ന് മനഃശാസ്ത്രത്തിലും ബിരുദം നേടിയിട്ടുണ്ട്.