തിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടി സാധ്യമല്ലെന്ന് മുൻ സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ.വ്യക്തിപരമായ പരാമർശം ഇല്ലാത്തതിനാൽ കേവലം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമപരമായി വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ എതിരെ നടപടിയെടുക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ആകാശത്ത് നിന്ന് എഫ്ഐആർ ഇടാൻ കഴിയില്ലെന്നും കമ്മീഷന് കൊടുത്ത മൊഴികൾ സർക്കാരിന് മുൻപിലില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മീഷന്റെ പ്രവർത്തനം മുന്നോട്ട് പോകാൻ കഴിയാത്ത വിധത്തിൽ ചില പ്രശ്നങ്ങളുണ്ടായെന്നും അല്ലാതെ ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്‌ത്തി വച്ചിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു. കൊവിഡും സാങ്കേതിക പ്രശ്നങ്ങളുമാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകാൻ കാരണം. മുഖ്യമന്ത്രിയുടെ ഇടപെടലാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാണോ പറയുന്നത്, ആർക്കെതിരായാണോ പറയുന്നത്, വ്യക്തിപരമായി ഒരു രൂപത്തിലും വെളിപ്പെടുത്തില്ലെന്ന് കമ്മീഷൻ ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പലരും നിർഭയമായി കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു കൊടുക്കാൻ പാടില്ല എന്ന തരത്തിൽ ചില ഇടപെടലുകൾ ഉണ്ടായെന്നും ഡബ്ല്യുസിസിയിലെ ഒരു സ്ഥാപക അംഗം റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാടില്ല എന്ന തരത്തിൽ ഒരു ഇടപെടൽ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
സിനിമാ മേഖല നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാതെ ഈ രംഗത്തെ മുമ്പോട്ടു കൊണ്ടുപോകാൻ പറ്റില്ല. കലാ സാംസ്കാരിക വേദിക്ക് പുറമേ വ്യവസായവുമായി ബന്ധപ്പെട്ട വേദി കൂടിയാണ് സിനിമ. ഈ രണ്ടു ഭാഗങ്ങളും നോക്കി അവധാനതയോടെ നടപടി സ്വീകരിക്കാൻ സർക്കാർ നിർബന്ധിതമാണ്. അതിന് നിയമപരമായി, ഭരണപരമായി എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ഈ സർക്കാർ ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും എ.കെ ബാലൻ കൂട്ടിച്ചേർത്തു.