തിരുവനന്തപുരം: സമ്മർദങ്ങൾക്കിടെ ചേർന്ന ഇടതുമുന്നണിയോഗത്തിൽ, എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന് തീരുമാനം. എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ ഘടകകക്ഷികൾ കടുത്ത അമർഷം ഉന്നയിച്ചു. അന്വേഷണം അവസാനിക്കുന്നതു വരെ എ.ഡി.ജി.പിക്കെതിരേ നടപടി വേണ്ടെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചെന്നാണ് വിവരം.
എ.ഡി.ജി.പി എം.ആര്‍. അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സി.പി.ഐ. ഇടതുമുന്നണി യോഗത്തിനു മുൻപ് ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. ഈ നിലപാടാണ് ഇടതുമുന്നണി യോഗത്തിലും അവർ എടുത്തത്.
അജിത് കുമാറിനെ മാറ്റണമെന്ന നിലപാടാണ് ആര്‍.ജെ.ഡിയും സ്വീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും സജീവമായി നിലനിൽക്കുന്നത് എഡിജിപി അജിത്ത് കുമാർ, മുഖ്യമന്ത്രയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശി എന്നിവർക്കെതിരേയുള്ള ആരോപണങ്ങളാണ്. അതിനാൽ ഇവ ചർച്ച ചെയ്തില്ലെങ്കിൽ സമൂഹത്തിൽ വിശ്വാസ്യത നേടിയെടുത്ത് മുന്നോട്ടുപോകാൻ മുന്നണിക്ക് കഴിയില്ലെന്ന് യോഗത്തിൽ ആർ.ജെ.ഡി വ്യക്തമാക്കി. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ, വയനാട് പുനരധിവാസം തുടങ്ങിയവയായിരുന്നു യോഗത്തിലെ അജണ്ടകൾ.