പുതിയ തിരുവനന്തപുരം- കണ്ണൂർ ജനശതാബ്‌ദി ട്രെയിനിലെ സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളെ കുറിച്ച് പരാതി. സെക്കൻഡ് ക്ലാസ് ചെയർകാർ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്ക് അനുയോജ്യമല്ലെന്നാണ് പരാതി. ഫൂട്ട് റെസ്‌റ്റും ഹാൻഡ് റെസ്‌റ്റും ഇല്ലെന്നും സീറ്റുകൾ പുഷ്‌ബാക് സ്വകാര്യം ഇല്ലാത്തതിനാണെന്നും യാത്രക്കാർ പരാതിപ്പെടുന്നു. മുൻപ് ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിൽ ഈ സൗകര്യങ്ങൾ എല്ലാം ഉണ്ടായിരുന്നു.
ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല എന്നാണ് അധികൃതർ പറയുന്നത്. കാലപ്പഴക്കം ചെന്നവ മാറ്റുമ്പോൾ പകരം സെക്കൻഡ് ക്ലാസ് കോച്ചുകളാണു നൽകുന്നത്. മെയിൽ, എക്‌സ്പ്രസ് ട്രെയിനുകൾക്കും ഇതേ കോച്ചുകളാണ് നൽകുന്നതെന്നും അധികൃതർ പറഞ്ഞു.
റെയിൽവേ ബോർഡ് കോച്ച് ഫാക്‌ടറികൾക്ക് നിർദേശം നൽകിയാൽ മാത്രമേ പ്രത്യേക ജനശതാബ്ദി കോച്ചുകൾ നിർമിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഏതാനും വർഷങ്ങളായി കോച്ച് ഫാക്‌ടറികൾ വന്ദേഭാരത് ട്രെയിനുകളുടെ നിർമാണത്തിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിച്ചതിനാൽ മെമുവിന് ഉൾപ്പെടെയുള്ള കോച്ചുകളുടെ നിർമാണം കുറഞ്ഞതായാണ് വിമർശനം.