ഉദ്ഘാടനത്തിനും സ്വകാര്യ ചടങ്ങിനും ആന വേണ്ട‌; റിപ്പോർട്ട് ഹൈക്കോടതിയിൽ

സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

author-image
Anagha Rajeev
New Update
kerala-highcourt

കൊച്ചി: ആന എഴുന്നള്ളിപ്പിന് കർശനനിയന്ത്രണങ്ങൾ കൊണ്ടുവരാൻ അമിക്കസ് ക്യൂറിയുടെ ശുപാർശ. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂ. സ്വകാര്യ ചടങ്ങുകൾ, ഉദ്ഘാടനം എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കരുതെന്നും 65 വയസ് കഴിഞ്ഞുള്ള ആനകളെ എഴുന്നള്ളിക്കരുതെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞു.

നാട്ടാനകളുടെ എഴുന്നള്ളിപ്പുമായുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി അമിക്കസ്‌ക്യൂറിയോട് ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരമുള്ള നിർദേശങ്ങളാണ് അമിക്കസ് ക്യൂറി റിപ്പോർട്ടായി കോടതിക്ക് സമർപ്പിച്ചത്. കർശനനിയന്ത്രണങ്ങളാണ് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിലുള്ളത്. മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനകളെ എഴുന്നള്ളിക്കാവൂ, ഉദ്ഘാടന, സ്വകാര്യ ചടങ്ങുകൾ തുടങ്ങിയവക്ക് ആനകളെ ഉപയോഗിക്കരതെന്നും റിപ്പോർട്ടിൽ പറയുന്നു.

രണ്ട് എഴുന്നള്ളിപ്പുകൾ നടത്തുമ്പോൾ അവയ്ക്കിടയിൽ 24 മണിക്കൂർ നിർബന്ധിത വിശ്രമം വേണം. ആനയെ ഒരുസ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വാഹനത്തിൽ കൊണ്ടുപോകുകയാണങ്കിൽ നൂറ് കിലോമീറ്ററിൽ അധികം പോകാൻ പാടില്ല. നടത്തിക്കൊണ്ടുപോകുകയാണെങ്കിൽ 30 കിലോമീറ്റർ ദൂരമേ നടത്തിക്കാവൂ. എഴുന്നള്ളിപ്പുകൾക്ക് ആനകളെ നിർത്തുമ്പോൾ അവ തമ്മിൽ മൂന്നുമീറ്ററെങ്കിലും അകലം പാലിക്കണം. ജനങ്ങളെ ആനകൾക്ക് സമീപത്തുനിന്ന് പത്തുമീറ്റർ അകലെ നിർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.

തലപ്പൊക്ക മത്സരം വണങ്ങൽ, പുഷ്പവൃഷ്ടി എന്നിവയ്ക്ക് ആനകളെ ഉപയോഗിക്കാൻ പാടില്ല. അഞ്ചിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കുന്ന ഉത്സവമാണെങ്കിൽ അതിന് ഉപ്രത്യേക അനുമതി വാങ്ങണം. 24 മണിക്കൂർ മുൻപെങ്കിലും ഉത്സവസ്ഥലത്ത് എത്തിച്ച് പരിശോധന നടത്തിയ ശേഷമേ ആനകളെ എഴുന്നള്ളിക്കാവൂ. ആനകളെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നും ഉത്തരവിൽ പറയുന്നു.

High Court