തിരുവനന്തപുരം: പൊലീസ് കോൺസ്റ്റബിൾ തസ്തികകളെ സിവിൽ പൊലീസ് ഓഫിസർ എന്നു മാറ്റിയ പരിഷ്കാരം ഇനി ആംഡ് ബറ്റാലിയൻ പൊലീസ് സേനയിലും. പോലീസ് ക്യാംപിലെ കോൺസ്റ്റബിളുകൾ ഇനി 'ആംഡ് പൊലീസ് ഓഫിസർ ' എന്നും ഹെഡ് കോൺസ്റ്റബിൾ ‘ സീനിയർ ആംഡ് പൊലീസ് ഓഫിസറും’ എന്നായിരിക്കും ഔദ്യോഗികമായി അറിയപ്പെടുന്നത്. ഇതിൻറെ ശുപാർശ പൊലീസ് ആസ്ഥാനം ആഭ്യന്തര വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ മറ്റു ചില വ്യവസ്ഥകളിലും മാറ്റമുണ്ട്.
സേനയിലേക്ക് അപേക്ഷ ക്ഷണിക്കുമ്പോൾ തന്നെ ജോലി ചെയ്യാൻ താൽപര്യമുള്ള ജില്ല കൂടി രേഖപ്പെടുത്തണമെന്ന വ്യവസ്ഥയും കൊണ്ടുവരും. സ്പോർട്സ് വിഭാഗത്തിലെ സ്ഥാനക്കയറ്റത്തിന് ക്വോട്ട നിശ്ചയിക്കണമെന്നും ശുപാർശയുണ്ട്. പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരുടെ അച്ചടക്ക നടപടിയിലും പുതിയ മാനദണ്ഡങ്ങൾ വരുത്തിയിട്ടുണ്ട്. ഇനിമുതൽ സീനിയർ ക്ലാർക്ക് വരെയുള്ളവരുടെ കാര്യങ്ങളുടെ നടപടി ജില്ലാ പൊലീസ് മേധാവിക്കും, ഹെഡ്ക്ലാർക്ക് മുതൽ ജൂനിയർ സൂപ്രണ്ട് വരെയുള്ളവരുടെ കാര്യത്തിലെ നടപടികൾ ഡിഐജിമാർക്കും തീരുമാനിക്കാം. സീനിയർ സൂപ്രണ്ട് മുതലുള്ള ഫയലുകൾ മാത്രമായിരിക്കും ഇനിമുതൽ ഡിജിപിയ്ക്ക് കൈമാറുകയുള്ളു.