തിരുവനന്തപുരം: ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്‌ക്ക് അരളിപ്പൂവ് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്താൻ നിലവിൽ തീരുമാനമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.അരളിപ്പൂ മരണകാരണമാകുമെന്ന് ആധികാരികമായ റിപ്പോർട്ട് ലഭിച്ചിട്ടില്ല,അങ്ങനെ റിപ്പോർട്ട് കിട്ടിയാൽ ഉപയോഗം നിരോധിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
വിഷാംശം സംബന്ധിച്ച് ശാസ്ത്രീയ പരിശോധനാ ഫലം വന്നതിനു ശേഷം മാത്രമെ ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകൂവെന്നാണ് ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ വിശദീകരണം.ഇതു സംബന്ധിച്ചു തീരുമാനമെടുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ശനിയാഴ്ച യോഗം ചേരുന്നുണ്ട്. ഇതിനു മുൻപാണു ബോർഡ് പ്രസിഡന്റ് നിലപാടു വ്യക്തമാക്കിയത്.
വിഷാംശം സംബന്ധിച്ച വാർത്തകൾ വന്നതോടെ അരളി ഉപയോഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇക്കാര്യം ചർച്ച ചെയ്തത്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ഇത്തരമൊരു നിർദേശം ഉയർന്നുവന്നത്.