നിരപരാധിത്വം തെളിയിക്കണം; ഡിജിപിയ്ക്ക് പരാതി നല്‍കി നിവിന്‍ പോളി

തനിക്കു പിന്നാലെ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണമെന്നും നിവിന്‍ പോളി പരാതിയില്‍ പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കി.

author-image
Athira Kalarikkal
New Update
nivin paulyv

Nivin Pauly

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ തനിക്കെതിരായ പീഡന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നടന്‍ നിവിന്‍ പോളി ഡിജിപിയ്ക്കും പ്രത്യേകാന്വേഷണ സംഘത്തിനും പരാതി നല്‍കി. തനിക്കു പിന്നാലെ ഗൂഢാലോചനയുണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണമെന്നും നിവിന്‍ പോളി പരാതിയില്‍ പറയുന്നു. 

മുഖ്യമന്ത്രി പിണറായി വിജയനും സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കി. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്. 

പീഡിപ്പിച്ചതായി പറയപ്പെടുന്ന ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്റെ തെളിവായി പാസ്പോര്‍ട്ടിന്റെ പകര്‍പ്പും പരാതിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും നിവിന്‍ പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും പറഞ്ഞു. 

ഡിസംബര്‍ 14 മുതലുള്ള 3 ദിവസങ്ങളിലാണ് താന്‍ പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി വെളിപ്പെടുത്തല്‍ നടത്തിയത്. എന്നാല്‍ ഈ സമയത്ത് നിവിന്‍ പോളി തന്റെ സിനിമയില്‍ അഭിനയിക്കുകയായിരുന്നു എന്നും കൊച്ചിയിലായിരുന്നു ഷൂട്ടിങ് എന്നും സംവിധായകന്‍ വിനീത് ശ്രീനിവാസന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

 

 

nivin pauly hema committee report