കൊച്ചി: നിവിന്‍ പോളിക്കെതിരായ ബലാല്‍സംഗക്കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി സംശയമുണ്ടെന്ന് പരാതിക്കാരി. കേസില്‍ പരാതിക്കാരിയുടെയും ഭര്‍ത്താവിന്‍റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് ഗൂഢാലോചന സംശയിക്കുന്നതായി പരാതിക്കാരി ആരോപിച്ചത്.
ആരോപണങ്ങൾക്ക് പിന്നാലെ തങ്ങളെ ഹണിട്രാപ്പ് സംഘമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നതായി പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തി വിവരങ്ങളാണ് അന്വേഷണസംഘം ഇന്ന് ചോദിച്ചത്. വരുമാനമാര്‍ഗം ചോദിച്ചറിഞ്ഞു. പാസ്പോര്‍ട്ട് അന്വേഷണ സംഘത്തിനു കൈമാറിയെന്നും പരാതിക്കാരി പറഞ്ഞു. നിവിന്‍റെ പരാതിയില്‍ ആലുവ ക്രൈംബ്രാഞ്ച് ഓഫിസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. ബലാല്‍സംഗ പരാതി വ്യാജമാണെന്നും ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവിന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണസംഘത്തിനും ഇന്നലെ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ നവംബറിൽ യൂറോപ്പിൽ ‘കെയർ ഗിവറായി’ ജോലി വാഗ്ദാനം ചെയ്തു. അതു നടക്കാതായപ്പോൾ സിനിമാക്കാരുമായി ബന്ധമുണ്ടെന്നും സിനിമയിൽ അവസരം നൽകാമെന്നും പറഞ്ഞു ശ്രേയ ദുബായിലെത്തിച്ചെന്നും അവിടെ ഹോട്ടൽ മുറിയിൽ മറ്റു പ്രതികൾ പീഡിപ്പിച്ചെന്നുമാണു യുവതിയുടെ മൊഴി.
ദുബായിലെത്തിച്ചു പീഡിപ്പിച്ചതായുള്ള നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നടൻ നിവിൻ പോളി ഉൾപ്പെടെ 6 പേർക്കെതിരെ ഊന്നുകൽ പൊലീസ് കേസെടുത്തിരുന്നു. നിവിൻ 6–ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാനിർമാതാവ് തൃശൂർ സ്വദേശി എ.കെ.സുനിൽ, എറണാകുളം സ്വദേശികളായ ബിനു, ബഷീർ, കുട്ടൻ എന്നിവരാണു മറ്റു പ്രതികൾ.