നീലേശ്വരം വെടിക്കെട്ട് അപകടം: ചികിത്സയിലിരുന്ന യുവാവ് മരിച്ചു

നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.

author-image
Prana
New Update
pa

കാസര്‍കോട് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ സാരമായി പൊള്ളലേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നയാള്‍ മരണപ്പെട്ടു. നാല്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന ചോയ്യങ്കോട് കിണാവൂര്‍ സന്ദീപ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് മരണം സ്ഥിരീകരിച്ചത്.
കാസര്‍കോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ വലിയ അപകടമുണ്ടായത്. പുലര്‍ച്ചെ 12.15ഓടെയായിരുന്നു അപകടം. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോള്‍, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു.
ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ തെയ്യം കാണാന്‍ കൂടിനിന്നിരുന്നു. ഇവരുള്‍പ്പെടെ അപകടത്തില്‍ 150ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടായിരുന്നു.
അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.ടി. ഭരതന്‍, പടക്കംപൊട്ടിച്ച പി. രാജേഷ് എന്നിവര്‍ക്കാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇവരുള്‍പ്പെടെ നാലുപേരയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നത്.

 

accident explosion fireworks neeleswaram thiruveerarkkavu