കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണത്തിന് പുതിയ സംഘം

ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ വീണ്ടും തയാറെടുക്കുന്നത്.

author-image
Prana
New Update
kodakara

കൊടകര കുഴല്‍പ്പണക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍. കൊച്ചി ഡെപ്യൂട്ടി കമ്മീഷണര്‍ കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘത്തെയാണ് കേസ് അന്വേഷണത്തിന് നിയോഗിച്ചത്. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് പുതിയ സംഘത്തിലും ഉള്ളത്.
ബിജെപി തൃശൂര്‍ ജില്ലാ കമ്മിറ്റി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പോലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയിരുന്നു. എന്നാല്‍ സതീഷിന്റെ ആരോപണം ഉയര്‍ന്നതിന് പിന്നാലെയാണ് പുനരന്വേഷണത്തിന് വഴി തെളിഞ്ഞത്. പുനരന്വേഷണം സംബന്ധിച്ച് ഇരിങ്ങാലക്കുട കോടതിയില്‍ സര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്. ഈ ഹര്‍ജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ട് ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.
നേരത്തെ കേസ് അന്വേഷിച്ചിരുന്ന സംഘത്തിലെ കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വി.കെ രാജുവിന് തന്നെയാണ് ഇത്തവണയും ചുമതല. പഴയ അന്വേഷണ സംഘത്തിലെ വി.കെ രാജു മാത്രമാണ് ഇത്തവണ പുതിയ സംഘത്തിലും ഉള്ളത്. തൃശൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസിനാണ് കേസിന്റെ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത്.
പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ കേസില്‍ അന്വേഷണം ആരംഭിക്കും. തിരൂര്‍ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്ന് തിരൂര്‍ സതീഷ് വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ബി.ജെ.പി. നേതാക്കളുടെ സമ്മര്‍ദം കാരണം വ്യാജമൊഴിയാണ് മുന്‍പ് നല്‍കിയിരുന്നതെന്നും ആറു ചാക്കുകളിലാക്കി മൂന്നരക്കോടിരൂപ ഓഫീസില്‍ എത്തിച്ചെന്നുമാണ് വെളിപ്പെടുത്തല്‍. ചാക്കുകളില്‍ പാര്‍ട്ടിയുടെ കൊടിതോരണങ്ങളാണെന്നാണ് സതീഷ് മുമ്പ് മൊഴി നല്‍കിയത്. ഈ മൊഴി കോടതിയില്‍ തിരുത്തി സത്യം പറയാന്‍ ഇരിക്കുകയായിരുന്നു എന്നും സതീഷ് പറഞ്ഞിരുന്നു.

BJP Investigation new kodakara black money