പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തു നടപ്പാക്കി വരുന്ന 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിൻ കൊച്ചി ഗോശ്രീ ദ്വീപുകളിലും വ്യാപിപ്പിക്കുന്നു. ഗോശ്രീ ഐലൻഡ്സ് ഡവലപ്പ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദ്വീപുകളിലെ എട്ടു ഗ്രാമപഞ്ചായത്തുകളിലും കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് കാമ്പയിൻ പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമന തോതും കാർബൺ സംഭരണതോതും സംതുലിതമാക്കാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇതിൽ പ്രധാനം. ഇതിനുപുറമേ ഹരിതകേരളം മിഷൻ നടപ്പാക്കി വരുന്ന തരിശുരഹിത ഗ്രാമം, ഹരിത സമൃദ്ധി വാർഡ്, പച്ചത്തുരുത്തുകൾ, ശാസ്ത്രീയ മാലിന്യ സംസ്‌കരണം, ജലസംരക്ഷണം തുടങ്ങിയവ അടിസ്ഥാനമാക്കിയുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഗോശ്രീ ദ്വീപുകളിൽ നടപ്പാക്കും.
കാമ്പയിന്റെ ഭാഗമായി കോർഗ്രൂപ്പ് അംഗങ്ങൾക്കും ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല ജനപ്രതിനിധികൾക്കുമായി ജൂലൈ 27ന് ശിൽപശാലകൾ സംഘടിപ്പിക്കും. എറണാകുളം, വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാൾ-1 ൽ കോർഗ്രൂപ്പ് അംഗങ്ങളെയും കുഴിപ്പള്ളി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് ഹാൾ-2 ൽ ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുതല പ്രതിനിധികളെയും പങ്കെടുപ്പിച്ചാണ് ശിൽപശാല.