കൽപറ്റ: നവജാത ശിശുവിന്റെ മരണത്തിൽ ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി യുവതി. നേപ്പാൾ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന്റെ മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
നേപ്പാൾ സ്വദേശിയായ പാർവതി എന്ന യുവതിയാണ് പരാതിക്കാരി. ഗർഭം അലസിപ്പിക്കാൻ മരുന്ന് നൽകിയശേഷം പ്രസവിച്ചപ്പോൾ കുഞ്ഞിനെ ഭർത്താവും ഭർത്താവിന്റെ മാതാപിതാക്കളും ചേർന്ന് കൊന്നുവെന്നാണ് പരാതി. ആൺകുഞ്ഞിന്റെ മൃതദേഹം രഹസ്യമായി മറവ് ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഭർത്താവ് റോഷൻ, അമ്മ മഞ്ജു, അച്ഛൻ അമർ എന്നിവർക്കെതിരെയാണ് പരാതി.
കഴിഞ്ഞ മേയിലാണ് സംഭവമുണ്ടായത്. തുടർന്ന് യുവതി നേപ്പാളിലേക്ക് പോയി. ഒരാഴ്ച മുമ്പ് തിരിച്ചെത്തിയശേഷമാണ് പൊലീസിൽ പരാതി നൽകിയത്. ഹോട്ടൽ തൊഴിലാളികളാണ് ഇവർ. കൽപറ്റ പള്ളിത്താഴെയാണ് കുടുംബം താമസിക്കുന്നത്. മൃതദേഹത്തിനായി പൊലീസ് പരിശോധന നടത്തുകയാണ്.