ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. 9 വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന മത്സരത്തിൽ , നെഹ്റുവിന്റെ കയ്യൊപ്പു പതിഞ്ഞ വെള്ളിക്കപ്പിനായി 19 ചുണ്ടൻ വള്ളങ്ങൾ വാശിയോടെ തുഴയും. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനു 6 മില്ലി സെക്കൻഡ് വ്യത്യാസത്തിലാണു കപ്പ് നഷ്ടമായത്.
ഇന്ന് ഉച്ചയ്ക്കു 2ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് 70–ാമത് നെഹ്റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്യും. പവിലിയനിലെ നെഹ്റു പ്രതിമയിൽ പുഷ്പാർച്ചനയോടെയാണു തുടക്കം. മന്ത്രി പി. പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മത്സരവും മന്ത്രി വി.എൻ.വാസവൻ മാസ്ഡ്രില്ലും ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നുമുതൽ ജല കായിക ഇനങ്ങളും സാംസ്കാരിക പരിപാടികളും നടക്കും.
രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഉച്ച കഴിഞ്ഞു മാസ്ഡ്രില്ലിനു ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറു വള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. 4 ട്രാക്കിലായി ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്സ് ഉണ്ടാവും. 3.45ന് ഫൈനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ആദ്യ 4 വള്ളങ്ങളാണു ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക.
നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഇന്ന് ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ സർക്കാർ ഓഫിസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകി കലക്ടർ ഉത്തരവിട്ടു. വെട്ടിക്കോട്ട് ആയില്യത്തോട് അനുബന്ധിച്ച് മാവേലിക്കര താലൂക്കിൽ നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടക്കും. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.