നീലേശ്വരം വെടിക്കെട്ട് അപകടം; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

60 ശതമാനത്തിൽ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു രതീഷ്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി.

author-image
Vishnupriya
New Update
pa

കാസർകോട്:  നീലേശ്വരം ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസിൽ ചികിത്സയിലായിരുന്നു രതീഷ്. ഇതോടെ വെടിക്കെട്ട് അപകടത്തില്‍ മരണം രണ്ടായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചോയ്യങ്കോട് കിണാവൂർ സ്വദേശി സന്ദീപ് (38) ഇന്നലെ മരിച്ചിരുന്നു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ അപകടമുണ്ടായത്. നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. സംഭവത്തില്‍ എക്സ്പ്ലോസീവ് സബ്സ്റ്റന്‍സ് ആക്റ്റ്, ബിഎന്‍എസ് എന്നിവയിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് അന്വേഷണം തുടരുകയാണ്. വധശ്രമം കൂടി ഉള്‍പ്പെടുത്തി കേസെടുത്തിട്ടുണ്ട്. കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പടക്കം സൂക്ഷിച്ചതിന് സമീപത്ത് തന്നെ പടക്കം പൊട്ടിച്ചതാണ് അപകട കാരണമെന്നാണ് പ്രാഥമിക കണ്ടെത്തല്‍. സംഘാടകര്‍ യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കിയില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തിൽ അറസ്റ്റിലായ പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെതാണ് നടപടി. ക്ഷേത്രം പ്രസിഡന്റ്  ചന്ദ്രശേഖരൻ. സെക്രടറി കെ ടി ഭരതൻ, പടക്കത്തിന് തീ കൊളുത്തിയ രാജേഷ്, എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് റദ്ദാക്കിയത്. പ്രതികളുടെ ജാമ്യം കോടതി സ്വമേധയാ റദ്ദാക്കുകയായിരുന്നു.

fire accident neeleswaram thiruveerarkkavu