വെടിക്കെട്ടിന് അനുമതിയില്ലായിരുന്നു; സംഘാടകരെ കസ്റ്റഡിയിലെടുത്തു

തിങ്കളാഴ്ച രാത്രി 12-ഓടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റത്.

author-image
Vishnupriya
New Update
dc

നീലേശ്വരം: കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായ തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനായി ജില്ലാ ഭരണക്കൂടത്തിന്റെ അനുമതിയുണ്ടായിരുന്നില്ലെന്ന് കാസർകോട് ജില്ലാ കളക്ടർ ഇൻപശേഖർ കാളിമുക്ക്‌. വെടിക്കെട്ട് നടത്തുന്നതിനുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നില്ല. ഇതുപ്രകാരം സംഘാടകരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും. ജില്ലാ ഭരണക്കൂടം സംഭവത്തിൽ പ്രാഥമികമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി 12-ഓടെയാണ് തെരു അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്ര കളിയാട്ടത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച് നൂറിലേറെപ്പേർക്ക് പൊള്ളലേറ്റത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കംപൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കംസൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തെയ്യം കാണാൻ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു.

പരിക്കേറ്റവരെ കാസർകോട് ജില്ലാ ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മാരകമായി പൊള്ളലേറ്റവരെ മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളിലേക്കും കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. പരിക്കേറ്റ പ്രകാശൻ, മകൻ അദ്വൈത്, ലതീഷ് എന്നിവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

fire neeleswaram thiruveerarkkavu